china

ലണ്ടൻ: സിൻജിയാങ് പ്രവിശ്യയിലെ മുസ്ലിം ന്യൂനപക്ഷമായ ഉയ്ഗൂറുകൾക്കെതിരെ വംശഹത്യ നടത്തുന്ന ചൈനീസ് ഭരണകൂടത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ച് പാശ്ചാത്യ രാജ്യങ്ങൾ. യൂറോപ്യൻ യൂണിയൻ,​ ബ്രിട്ടൺ, കാനഡ, യു.എസ് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഉപരോധവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ഉപരോധം.

സിൻജിയാങ് പൊതുസുരക്ഷാ ബ്യൂറോ ഡയറക്ടർ ചെൻ മിൻഗ്വാ, മുതിർന്ന ഉദ്യോഗസ്ഥരായ വാങ് മിങ്ഷാൻ, വാങ് ജുൻ ഷെങ് തുടങ്ങിയവർക്കാണ് ഉപരോധമേർപ്പെടുത്തിയിരിക്കുന്നത്.

ഉയിഗൂർ മുസ്ലിങ്ങൾക്കെതിരെ ചൈന കടുത്ത നടപടികൾ സ്വീകരിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. പത്ത് ലക്ഷത്തിലേറെ ഉയിഗുർ മുസ്ലിങ്ങൾ ചൈനയിൽ വിവിധ ക്യാംപുകളിൽ കഴിയുന്നതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടുകൾ.ഉയിഗർ മുസ്ലിങ്ങളെ തൊഴിൽ പഠിപ്പിക്കാനുള്ള കേന്ദ്രങ്ങളാണ് ഈ ക്യാംപുകളെന്നാണ് ചൈനയുടെ അവകാശവാദമെങ്കിലും
ഈ കേന്ദ്രങ്ങളിൽ ഇവർ അതിക്രൂരമായ പീഡനത്തിനും നിർബന്ധിത മതംമാറ്റത്തിനും വിധേയമാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ക്യാംപുകളിൽ നിന്നും പുറത്തെത്തിയ പലരും തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരുന്നു.

ഇതിനെത്തുടർന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ നടപടി.

ടിയാനൻമെൻ സ്‌ക്വയർ സംഭവത്തിന് ശേഷം ഇതാദ്യമായാണ് യൂറോപ്യൻ യൂണിയൻ ചൈനക്കെതിരെ ഉപരോധമേർപ്പെടുത്തുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് യൂറോപ്യൻ യൂണിയന്റെ ഇപ്പോഴത്തെ നടപടി.

ഉപരോധമേർപ്പെടുത്തുകയല്ലാതെ അന്താരാഷ്ട്ര സമൂഹത്തിന് മുൻപിൽ മറ്റു മാർഗങ്ങളില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ ഈ നിലപാടിനെ ശക്തമായി വിമർശിച്ച് ചൈന രംഗത്തെത്തി. തങ്ങൾക്കെതിരെയുള്ള ഉപരോധ നടപടിയിൽ പ്രതിഷേധിച്ച് 10 യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്കും നാല് സ്ഥാപനങ്ങൾക്കും ചൈനയും ഉപരോധമേർപ്പെടുത്തി.