tharoor

ന്യൂഡൽഹി: കടുകട്ടി ഇംഗ്ലീഷ് പ്രയോഗങ്ങളിലൂടെ ജനങ്ങളെ ഞെട്ടിക്കുന്ന കോൺഗ്രസ് നേതാവ് ശശിതരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. ജനങ്ങളുടെ ഈ ആഗ്രഹത്തെ മുതലെടുക്കാൻ ശ്രമിച്ച ഒരു ഓൺലൈൻ ഇംഗ്ലീഷ് പഠന ആപ്ലിക്കേഷന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കയാണ് തരൂർ.

തന്റെ പേരും ചിത്രവുമുപയോഗിച്ച് പരസ്യം നൽകിയ ഇംഗ്ലീഷ് ലേണിംഗ് ആപ്ലിക്കേഷൻ താനുമായി യാതൊരു ബന്ധവുമില്ലെന്ന് തരൂർ ട്വീറ്റ് ചെയ്തു.

'ഈ ആപ്ലിക്കേഷൻ വഴി തെറ്റിദ്ധരിപ്പിക്കപ്പെട്ട നിരവധി വിദ്യാർത്ഥികൾ ഇത് എന്റെ ശ്രദ്ധയിൽപ്പെടുത്തി. ഈ ആപ്ലിക്കേഷനുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു തരത്തിലും ഇതിനെ സാക്ഷ്യപ്പെടുത്തില്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി എന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയമനടപടി സ്വീകരിക്കും.' - അദ്ദേഹം കുറിച്ചു.

'തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാ'മെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് ട്വീറ്റ്. വ്യാജ ആപ്ലിക്കേഷനെതിരെ പ്രതികരിച്ച എം.പിയുടെ നടപടിയെ നിരവധിപ്പേർ പിന്തുണച്ചു. തന്റെ പേരുപയോഗിച്ച് പരസ്യം നൽകിയ ആപ്ലിക്കേഷനുകൾക്കെതിരെ ഇതിനു മുമ്പും തരൂർ പ്രതികരിച്ചിട്ടുണ്ട്.