
ധാക്ക: തെക്കൻ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥ്യ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 15 മരണം. 400 ലധികം പേരെ കാണാതായി. ധാരാളം ടെന്റുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുൾപ്പടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.
തീ നിയന്ത്രണവിധേയമാക്കാനും കൂടുതൽ പടരാതിരിക്കാനും അഗ്നിശമനസേന, റെസ്‌ക്യൂ, റെസ്‌പോൺസ് ടീമുകളും സന്നദ്ധപ്രവർത്തകർ സജീവമായി ഇടപെട്ടെന്ന് കോക്സ് ബസാറിലെ യുഎൻ അഭയാർഥി ഏജൻസി യുഎൻഎച്ച്സിആർ വക്താവ് ലൂയിസ് ഡൊനോവൻ നേരത്തെ പറഞ്ഞിരുന്നു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തെക്കൻ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ ഒരു മില്യണിലധികം റോഹിങ്ക്യൻ അഭയാർഥികളാണ് കഴിയുന്നത്.നേരത്തെ ജനുവരിയിലും റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ വലിയ തീപിടിത്തം റിപ്പോർട്ട് ചെയ്തിരുന്നു.
തീ നിയന്ത്രണവിധേയമാക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളുടെ മേൽനോട്ടം വഹിക്കുന്ന അഡീഷനൽ കമീഷണർ മുഹമ്മദ് ശംസൂദ് ദോസ അറിയിച്ചു. ക്യാമ്പിലെ 700ലധികം ടെന്റുകൾ പൂർണമായും കത്തിനശിച്ചതായാണ് വിവരം.