shasikala

ചെന്നൈ: നിയമസഭാതിരഞ്ഞെടുപ്പ് മൂക്കിൻ തുമ്പത്ത് എത്തി നിൽക്കെ, പൊതു ജീവിതം അവസാനിപ്പിച്ച വി.കെ. ശശികലയ്ക്ക് അനുകൂല നിലപാടുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം.

'പാർട്ടിയിലെ ജനാധിപത്യ സംവിധാനം അംഗീകരിച്ചാൽ ശശികലയെ തിരിച്ചെടുക്കുന്നത് ആലോചിക്കും. ശശികലയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും' പനീർശെൽവം പറഞ്ഞു.

ശശികലയോട് ആഭിമുഖ്യമുള്ള തേവർ വിഭാഗക്കാർ തെക്കൻ തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയുടെ അടിത്തറയിളക്കും എന്ന വിലയിരുത്തലുകൾക്കിടെയാണിത്.

'ശശികലയുമായി യാതൊരുവിധ പ്രശ്‌നവുമില്ല. ജയലളിതയുടെ മരണശേഷം ശശികലയ്‌ക്കെതിരെ ചില സംശയങ്ങൾ ഉണ്ടായിരുന്നു. അതിൽ വ്യക്തത വരുത്തണമെന്നായിരുന്നു എന്റെ ആവശ്യം.

32 വർഷം ജയലളിതയോടൊപ്പമുണ്ടായിരുന്ന ശശികല ഒരു പാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതെല്ലാം മനസിലുണ്ട്.'- പനീർശെൽവം പറഞ്ഞു.

ശശികലയെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ പളനിസാമിയുടെ കൂടി അഭിപ്രായം ആരായേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ശശികലയ്ക്കും ടി.ടി.വി ദിനകരനുമെതിരെ കടുത്ത വിമർശനമാണ് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉന്നയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ പരാജയം നേരിട്ടാൽ ശശികല പാർട്ടിയിൽ തിരികെയെത്താനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.