sreeramakrishnan

തിരുവനന്തപുരം: ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ തനിക്ക് നിക്ഷേപമുണ്ടെന്ന പേരിൽ പുറത്തുവന്ന സ്വപ്‌ന സുരേഷിന്റെ മൊഴി തള‌ളി സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. പുറത്തുവരുന്ന വിവരങ്ങൾ അസംബന്ധവും അബദ്ധജഡിലവുമാണ്. ഗൾഫിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ലഫീർ അഹമ്മദിനെ പരിചയമുണ്ട്. അതിന്റെ പേരിൽ തനിക്ക് അവിടെ നിക്ഷേപമുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സ്‌പീക്കർ‌ പ്രസ്‌താവനയിൽ പറയുന്നു.

കേന്ദ്ര ഏജൻസികൾ രാഷ്‌ട്രീയ താൽപര്യമുള‌ള പ്രചാരകരുടെ വേഷംകെട്ടുകയാണ്.താൻ ഷാർജ ഷെയ്‌ക്കിനെ തനിയെ കണ്ടിട്ടില്ലെന്നുംഅത് പുതിയ കെട്ടുകഥയാണെന്നും സ്‌പീക്കർ ആരോപിച്ചു.സ്വപ്‌നയുടെ മൊഴി പ്രത്യേകം അന്വേഷണ വിധേയമാക്കണമെന്നും സ്‌പീക്കർ ആവശ്യപ്പെട്ടു.

സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന് ഒമാനിലെ മിഡിൽ ഈസ്‌റ്റ് കോളേജിൽ നിക്ഷേപമുണ്ടെന്നും കോളേജിന്റെ ശാഖ യുഎഇയിൽ തുടങ്ങാൻ ഷാർജ ഭരണാധികാരിയുമായി തിരുവനന്തപുരത്തുവച്ച് സ്‌പീക്കർ കൂടിക്കാഴ്‌ച നടത്തിയെന്നുമായിരുന്നു ക്രൈംബ്രാഞ്ചിനെതിരെ ഇ.ഡി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലുണ്ടായിരുന്നത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയാണ് ഇ.ഡി ഹർജിയിൽ നൽകിയിരുന്നത്. ഷാർജയിൽ മിഡിൽ ഈസ്‌റ്റ് കോളേജിന്റെ ശാഖ തുടങ്ങുന്നതിന് സൗജന്യമായി ഭൂമി ലഭിക്കാനാണ് ഷാർജ ഭരണാധികാരിയെ കണ്ടതെന്നായിരുന്നു സ്വപ്‌നയുടെ മൊഴിയുണ്ടായിരുന്നത്.