car

ന്യൂഡൽഹി: ഏപ്രിൽ മുതൽ കാർ വിലകൂട്ടാൻ വാഹന നിർമ്മാതാക്കൾ ഒരുങ്ങുന്നു. മാരുതി സുസുക്കിയും നിസാനും ഡാറ്റ്‌സണും ഇതിനകം വിലവർദ്ധന പ്രഖ്യാപിച്ചു. എത്രരൂപ വീതം കൂട്ടുമെന്ന് കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. മറ്റു കമ്പനികളും വൈകാതെ വിലവർദ്ധന പ്രഖ്യാപിച്ചേക്കും. അസംസ്കൃതവസ്‌തുക്കളുടെ വിലക്കയറ്റം, ബി.എസ്-4ൽ നിന്ന് ബി.എസ്-6ലേക്ക് എൻജിനുകൾ മാറ്റിയപ്പോഴുള്ള അധികച്ചെലവ്, കേന്ദ്രസർക്കാർ നിർദേശപ്രകാരം കൂടുതൽ സുരക്ഷാഫീച്ചറുകൾ ഉൾപ്പെടുത്തിയ ചെലവ് തുടങ്ങിയവ തരണം ചെയ്യാനാണ് അനിവാര്യമായ വിലവർദ്ധനയെന്ന് കമ്പനികൾ വ്യക്തമാക്കി.

അസംസ്കൃതവസ്‌തുക്കളായ റബർ, സ്‌റ്റീൽ, പ്ളാസ്‌റ്റിക്, ചെമ്പ്, പലാഡിയം, റോഡിയം എന്നിവയുടെയെല്ലാം വില കൊവിഡിൽ കുതിച്ചു. ജനുവരിയിലും വാഹന നിർമ്മാതാക്കൾ വില കൂട്ടിയിരുന്നു. എന്നാൽ, വില്പനവളർച്ച നിർജീവമായതിനാൽ വിലവർദ്ധനയുടെ നേട്ടം കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും വിലകൂട്ടുന്നത്.