
സിഡ്നി: ആസ്‌ട്രേലിയയിൽ പാർലമെന്റ് കേന്ദ്രീകരിച്ച് നടന്ന ലൈംഗിക വേഴ്ചകളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് സർക്കാരിനാകെ നാണക്കേടായി. പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ നേതൃത്വം നൽകുന്ന സർക്കാറിനെ പ്രതിക്കൂട്ടിലാക്കി ജീവനക്കാർ പാർലമെന്റിനകത്ത് നടത്തിയ ലൈംഗിക വേഴ്ചകളുടെ നിരവധി വിഡിയോകളാണ് തിങ്കളാഴ്ച പുറത്തെത്തിയത്. സഖ്യകക്ഷി സർക്കാറിന്റെ ഗ്രൂപ് ചാറ്റിൽ പങ്കുവെച്ച വിഡിയോകളും ചിത്രങ്ങളുമാണ് ചോർന്നത്. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനെതിരെ പൊതുജനങ്ങൾ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
പാർലമെന്റിലെ പ്രാർഥന മുറിയാണ് പല ജീവനക്കാരും സാമാജികരും ലൈംഗികതക്കായി ഉപയോഗപ്പെടുത്തിയിരുന്നതെന്ന് ലൈംഗിക തൊഴിലാളികളെ വരെ കൊണ്ടുവന്നതായും ജീവനക്കാർ സഭ്യേതര ചിത്രങ്ങൾ പതിവായി പങ്കുവെച്ചതായുമാണ് ആരോപണം.
വാർത്ത നാട്ടിലെങ്ങും പാട്ടായതോടെ ഒരു ജീവനക്കാരനെ സർക്കാർ അടിയന്തരമായി പിരിച്ചുവിട്ടു. കൂടുതൽ പേർക്കെതിരെ നടപടി വൈകില്ലെന്നും സർക്കാർ പറയുന്നു.
ആറു മാസം മുമ്പ് പാർലമെന്റിലെത്തിയ ഗ്രീൻസ് പാർട്ടി പ്രതിനിധി ലിഡിയ തോർപ് നാല് രാഷ്ട്രീയ നേതാക്കളുടെ പീഡനത്തിന് പലവട്ടം ഇരയായതായി ആരോപിച്ചിരുന്നു.
മുമ്പും ആസ്‌ട്രേലിയൻ പാർലമെന്റ് പലവട്ടം ലൈംഗിക വിവാദച്ചുഴിയിലായിരുന്നു. പ്രതിപക്ഷമായ ലേബർ പാർട്ടിയും ഇതേ ആരോപണങ്ങളുടെ നിഴലിലാണ്. 2019ൽ താൻ പീഡനത്തിനിരയായതായി മുൻ സർക്കാർ ജീവനക്കാരി അടുത്തിടെ ആരോപിച്ചിരുന്നു.
രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ രൂക്ഷമാണ്. ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയായ കുട്ടികളോട് രാജ്യത്തിന്റെ പേരിൽ 2018ൽ മോറിസൺ മാപ്പ് പറഞ്ഞിരുന്നു. 2019 മാർച്ചിൽ പാർലമെന്റിലെ ഓഫീസ് മുറിയിൽ ഒരു യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ജനങ്ങൾക്ക് മുൻപിൽ അദ്ദേഹം വീണ്ടും ക്ഷമ പറഞ്ഞിരുന്നു. സർക്കാരിന്റെ അന്തസ് നശിപ്പികുന്ന തുടർച്ചയായ സംഭവങ്ങളിൽ പ്രധാനമന്ത്രി അതൃപ്തി പരസ്യമാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.