attack-

വാഷിംഗ്ടൺ: ട്രംപ് അനുകൂലികൾ യു.എസ് പാർലമെന്റ് മന്ദിരമായ കാപിറ്റൽ ഹില്ലിൽ അതിക്രമിച്ചു കടന്നതിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്താൻ അമേരിക്ക. ജനുവരി ആറിനായിരുന്നു അമേരിക്കയെ ഒട്ടാകെ ഞെട്ടിച്ച സംഭവം. ലോകനേതാക്കളടക്കം സംഭവത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡെന്റ വിജയത്തെ തുടർന്ന് ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പറ്റിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അക്രമത്തെക്കുറിച്ച അന്വേഷണത്തിന് നേതൃത്വം നൽകിയ കൊളംബിയ ഡിസ്ട്രിക്ട് ആക്ടിങ് യു.എസ് അറ്റോണി മൈക്കൽ ഷെർവിൻ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് 400 പേർക്കെതിരെ ജസ്റ്റിസ് ഡിപ്പാർട്‌മെന്റ് കേസെടുത്തിട്ടുണ്ടെങ്കിലും ആർക്കെതിരെയും ഇതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നില്ല. പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹം ചുമത്താനുള്ള സാധ്യത ഏറെയാണ്.