
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന 'തലൈവി' ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ദേശീയ അവാർഡ് ജേതാവായ കങ്കണ റനാവത്ത് ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. എഎൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദിയിലും തമിഴിലുമായാണ് പുറത്തിറങ്ങുന്നത്.
ജയലളിതയുടെ സിനിമാക്കാലത്തെയും രാഷ്ട്രീയത്തിൽ പ്രവേശിച്ച് 'തലൈവി' ആയി മാറിയ ശേഷമുള്ള കാലത്തെയുമാണ് സിനിമ വിഷയമാക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് ഗെറ്റപ്പിലാണ് കങ്കണ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയ സമയത്ത് കങ്കണയുടെ പ്രോസ്തെറ്റിക് മേക്കപ്പ് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
എന്നാൽ ഈ പരിമിതി കങ്കണ മറികടന്നതായാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് 'തലൈവി'ക്കും തിരക്കഥ രചിച്ചിരിക്കുന്നത്. 'വിബ്രി മീഡിയ'യുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.