ma-baby

കാസകോട്‌: ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ എൽ.ഡി.എഫ്‌ സർക്കാരിനെതിരെ രാഹുൽഗാന്ധി ശുദ്ധനുണ തട്ടിവിടുകയാണെന്ന് സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. കാസർകോട് ജില്ലയിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ്‌ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാദ്ധ്യമങ്ങളെയും ചില മതനേതാക്കളെയും കൂട്ടുപിടിച്ചാണ്‌ അസത്യപ്രചാരണം. കടലിന്റെ മക്കളുടെ അവകാശം സർക്കാർ തീറെഴുതിയെന്നാണ്‌ രാഹുൽഗാന്ധി പറയുന്നത്‌. ഇതിന്റെ പേരിൽ കൊല്ലത്ത്‌ ഒരു ബിഷപ്പ്‌ ഇടയലേഖനം ഇറക്കിയിരിക്കുന്നു. കടലിന്റെ മക്കൾക്ക്‌ മീൻപിടിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന നിയമം കൊണ്ടുവന്നത്‌ രാഹുലിന്റെ നേതാവായ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല അന്ന്‌ ലോകസഭാംഗമായിരുന്നു. ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾക്ക്‌ തീറെഴുതുന്നതിനെ പാർലമെന്റിൽ എതിർത്തത്‌ ഇടതുപക്ഷമാണെന്നും ബേബി പറഞ്ഞു. ആഴക്കടലിൽ മീൻപിടിത്തത്തിന്‌ കുത്തകകളെ അനുവദിക്കില്ലെന്നത് എൽ.ഡി.എഫിന്റെ നയമാണെന്നും സർക്കാരിന്റെ നയത്തിന്‌ വിരുദ്ധമായി ഉദ്യോഗസ്ഥർ എടുത്ത തീരുമാനത്തിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.