
റിയാദ്: ആറ് വർഷമായി തുടരുന്ന യമൻ യുദ്ധത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഹൂതിവിമതരുമായി വെടിനിർത്തൽ കരാറിന് ഒരുക്കമാണെന്ന് സൗദി. സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദാണ് ഹൂതികൾ അംഗീകരിക്കുകയാണെങ്കിൽ വെടിനിർത്താനുള്ള സന്നദ്ധത പ്രഖ്യാപിച്ചത്. സൗദിയുടെ പ്രഖ്യാപനത്തെ യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള അബ്ദുറബ്ബ് മൻസൂർ ഹാദി ഭരണകൂടം സ്വാഗതം ചെയ്തു. യുഎന്നിന്റെ മേൽനോട്ടത്തിലായിരിക്കും കരാർ.
സനാ വിമാനത്താവളം തുറക്കുകയും ഹുദൈദ തുറമുഖം വഴി ഭക്ഷണവും ഇന്ധനവും ഇറക്കുമതി ചെയ്യുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുവാദം നൽകുന്നതായിരിക്കും വെടനിർത്തൽ കരാർ. അതോടൊപ്പം പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടത്തുന്നതിനായി ചർച്ചകൾ നടത്തുകയും ചെയ്യും. ഹൂതികൾ ഇത് അംഗീകരിച്ചാൽ ഉടൻ വെടിനിർത്തൽ നിലവിൽ വരുമെന്നും സൗദി വിദേശകാര്യമന്ത്രി അറിയിച്ചു. യമനിനെതിരായ വ്യോമസമുദ്ര ഉപരോധം പിൻവലിച്ചാൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറുള്ളൂ എന്നതായിരുന്നു ഹൂതികളുടെ ആവശ്യം. ഇതും സൗദി അംഗീകരിച്ചിട്ടുണ്ട്.