
മൂവാറ്റുപുഴ: കഴിഞ്ഞ നവംബറിൽ കല്ലൂർക്കാട് വാടകവീട്ടിൽ നിന്ന് 40 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. തൊടുപുഴ അറക്കുളം, പടിഞ്ഞാറേയിൽ രാജീവിനെയാണ് (പോത്ത് രാജീവ്, 39) ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. രാജീവിന്റെ കൂട്ടാളികളായ റസൽ, ബന്നറ്റ് എന്നിവരെയും ഇവർക്ക് കഞ്ചാവ് കൈമാറുന്ന ആന്ധ്ര സ്വദേശി പല്ലശ്രീനിവാസ റാവുവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ആന്ധ്രയിലെ ആദിവാസി മേഖലയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. ഒരു ട്രിപ്പിൽ നൂറു മുതൽ ഇരുനൂറു കിലോവരെ കൊണ്ടുവരുന്ന മൊത്ത വ്യാപാരികളാണ് ഇവർ.മൂവായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ ഇരുപതിനായിരത്തിനാണ് വിൽപ്പന. രണ്ട് കിലോ വീതമുള്ള പൊതികളായി രഹസ്യ അറകളിലും, ബോക്സുകളിലുമായാണ് കടത്ത്. രാജീവാണ് വാഹനം ഓടിക്കുക. ട്രിപ്പിന് എഴുപതിനായിരമാണ് കൂലി.സാഹസികമായി വാഹനമോടിക്കുന്നതിൽ വിദഗ്ദ്ധനായ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ആയിരക്കണക്കിന് കിലോ കഞ്ചാവ് ഇവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിട്ടുമുണ്ട്.എസ്.എച്ച്.ഒ എം.സുരേന്ദ്രൻ, എസ്.ഐ പി.എം ഷാജി, കെ.വി. നിസാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിമ്മോൻ ജോർജ്, ടി. ശ്യാംകുമാർ, പി.എൻ. രതീശൻ, രഞ്ജിത്ത്, ജാബിർ, മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.