
കോട്ടയം: പുതുപ്പളളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ പ്രചരണത്തിനെത്തുന്ന രാഹുൽ ഗാന്ധിയുടെ മണ്ണാർക്കാട്ടെ സമ്മേളന വേദി യാക്കോബായ വിശ്വാസികളുടെ എതിർപ്പിനെത്തുടർന്ന് മാറ്റി. മണർക്കാട് ഇടവക വിശ്വാസികൾ സമ്മേളനത്തിന് വേദി അനുവദിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മൈതാനം വിട്ടുനൽകേണ്ടെന്ന് പളളിവികാരി തീരുമാനം എടുക്കുകയായിരുന്നു.
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെത്തുടർന്നായിരുന്നു രാഹുൽഗാന്ധിയെത്തുന്ന സമ്മേളന വേദിക്കായി മണർക്കാട് മർത്താമറിയം യാക്കോബായ സുറിയാനി പള്ളി മൈതാനം ജില്ലാ നേതൃത്വം ബുക്ക് ചെയ്തത്. തറവാടകയിനത്തിൽ പതിനായിരം രൂപ പള്ളിയിൽ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വിവരമറിഞ്ഞ മണർകാട് പള്ളി ഇടവക വിശ്വാസികൾ സമ്മേളനം നടത്തുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
ശനിയാഴ്ച രാത്രിതന്നെ വിശ്വാസികൾ സംഘടിച്ച് പള്ളിവികാരിയെ സമീപിച്ച് സമ്മേളനം നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. വിവിധ കോണുകളിൽനിന്ന് പ്രതിഷേധം കനത്തതോടെ മൈതാനം വിട്ടുനൽകേണ്ട തീരുമാനത്തിലേക്ക് പള്ളി വികാരിയും എത്തി. തുടർന്ന് ഡി.സി.സി പ്രസിഡന്റിനോട് മൈതാനും വിട്ടുതരില്ലെന്നും പണം തിരികെ വാങ്ങണമെന്നും വിളിച്ചറിയിക്കുകയായിരുന്നു.
ഇതേത്തുടർന്ന് രാഹുൽ ഗാന്ധിയുടെ സമ്മേളനത്തിന്റെ പ്രസംഗവേദി മണർകാട് കവലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് മാറ്റി. പള്ളി മൈതാനത്തിനായി അടച്ച തുക തിരികെ വാങ്ങിയില്ലെന്നും രാഹുൽ ഗാന്ധിയുടെ പരിപാടി റോഡ്‌ഷോ ആയതിനാൽ മണർകാട് കവലയിലാണ് പ്രസംഗമെന്നും ഡി.സി.സി നേതൃത്വം അറിയിച്ചു.