
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായില്ല. ശാരീരിക അവശതകളുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ അറിയിക്കുകയായിരുന്നു.
വീണ്ടും നോട്ടീസ് നൽകുമെന്ന് ഇ.ഡി അറിയിച്ചു. നോട്ടീസ് കൈപ്പറ്റിയിട്ടും ഹാജരായില്ലെങ്കിൽ കോടതിയെ സമീപിക്കുന്നതടക്കം കടുത്ത നടപടികൾ ഇ.ഡി സ്വീകരിച്ചേക്കും.
2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് ഇ.ഡി അന്വേഷണം. കലൂരിലെ വിജയ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ പത്രത്തിനുള്ള രണ്ട് അക്കൗണ്ടുകളിൽ അഞ്ച് കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നുമുള്ള പരാതിയിലാണ് നടപടി.