
കോഴിക്കോട്: എലത്തൂർ സീറ്റ് എൻ.സി.കെയ്‌ക്ക് നൽകിയതിനെതിരെ പ്രാദേശികതലത്തിൽ കോൺഗ്രസിലുണ്ടായ പ്രതിഷേധം തത്കാലം പരിഹരിച്ചതോടെ പ്രചാരണത്തിൽ സജീവമാകാൻ ഡി.സി.സി ഓഫീസിൽ ചേർന്ന മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന് ചേളന്നൂരിൽ നടക്കും. തുടർന്ന് പഞ്ചായത്തുതല കൺവെൻഷനുകളും ചേരും.
എൻ.സി.കെ സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിക്കെതിരെ രംഗത്ത് വന്ന കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം യു.വി. ദിനേശ് മണി കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് യു. രാജീവന്റെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിലാണ് പിണക്കം തത്കാലം മറക്കാൻ ധാരണയായത്. ഇതിന്റെ തുടർച്ചയായി ഇന്നലെ എലത്തൂരിലെ കോൺഗ്രസ് മണ്ഡലം ഭാരവാഹികളുടെ യോഗം വിളിച്ചത്. പൊതുവെ ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി എ.കെ. ശശീന്ദ്രൻ പ്രചാരണരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു.