
ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് നടപ്പുവർഷം ഇതുവരെ കേന്ദ്രസർക്കാരിന് ലഭിച്ച ലാഭവിഹിതം 30,369 കോടി രൂപയാണെന്ന് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) സെക്രട്ടറി തുഹീൻ കാന്ത പാണ്ഡേ പറഞ്ഞു. ബഡ്‌ജറ്റിൽ 65,746.96 കോടി രൂപയുടെ ലാഭവിഹിതമാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും പിന്നീടിത് 34,717.25 കോടി രൂപയായി കുറച്ചിരുന്നു.
പൊതുമേഖലാ കമ്പനിയായ ബെമലിന്റെ (ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്) ഓഹരി വില്പനയ്ക്ക് മുന്നോടിയായി ക്ഷണിച്ച താത്പര്യപത്രത്തിന് മികച്ച പ്രതികരണം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. താത്പര്യപത്രം സമർപ്പിക്കാനുള്ള സമയം മാർച്ച് 22ന് സമാപിച്ചിരുന്നു. 54.03 ശതമാനം ഓഹരി പങ്കാളിത്തമാണ് പ്രതിരോധം, റെയിൽ, ഊർജം, ഖനനം, അടിസ്ഥാനസൗകര്യ മേഖലകളിൽ സാന്നിദ്ധ്യമുള്ള ബെമലിൽ കേന്ദ്രത്തിനുള്ളത്. 26 ശതമാനം ഓഹരികളാണ് ഇപ്പോൾ വിറ്റൊഴിയുന്നത്. നിലവിലെ വിപണിവില പ്രകാരം ഈ വില്പനയിലൂടെ 1,000 കോടി രൂപ സമാഹരിക്കാൻ സർക്കാരിന് കഴിഞ്ഞേക്കും.
ടാറ്റാ കമ്മ്യൂണിക്കേഷൻസ്:
പങ്കാളിത്തമൊഴിഞ്ഞ് കേന്ദ്രം
ടാറ്റാ കമ്മ്യൂണിക്കേഷൻസിൽ ഉണ്ടായിരുന്ന 26.12 ശതമാനം ഓഹരികൾ കേന്ദ്രസർക്കാർ പൂർണമായി വിറ്റൊഴിഞ്ഞു. 8,846 കോടി രൂപയാണ് ഇതിലൂടെ ലഭിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന വിദേശ് സഞ്ചാർ നിഗം ലിമിറ്റഡിനെ (വി.എസ്.എൻ.എൽ) 2002ൽ കേന്ദ്രം സ്വകാര്യവത്കരിച്ചപ്പോൾ സ്വന്തമാക്കിയ ടാറ്റാ ഗ്രൂപ്പാണ് പേര് പിന്നീട് ടാറ്റാ കമ്മ്യൂണിക്കേഷൻസ് എന്നാക്കിയത്.
26.12 ശതമാനം ഓഹരികൾ നിലനിറുത്തി ബാക്കിയാണ് കേന്ദ്രം 2002ൽ വിറ്റൊഴിഞ്ഞത്. ടാറ്റയുടെ നിക്ഷേപകവിഭാഗമായ പാനാടോൺ ഫിൻവെസ്‌റ്റിന്റെ പക്കലാണ് 34.80 ശതമാനം ഓഹരികൾ. ടാറ്റാ സൺസിന് 14.07 ശതമാനവും പൊതു നിക്ഷേപകർക്ക് 25.01 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. പൊതുമേഖലാ ഓഹരി വില്പനയിലൂടെ നടപ്പുവർഷം കേന്ദ്രം ബഡ്‌ജറ്റിൽ 2.10 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഇത് 32,000 കോടി രൂപയായി കുറച്ചിരുന്നു.