golden-shoot

ന്യൂഡൽഹി: ഷൂട്ടിംഗ് ലോകകപ്പിൽ സ്കീറ്റ് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ അംഗദ് വീർ സിംഗ്- ഗണേമത് സെഖോൺ സഖ്യത്തിന് സ്വർണം. ഫൈനലിൽ കസഖ്സ്ഥാൻ ജോഡിയായ ഓൾഗ പനാറിന-അലക്സാണ്ടർ യക്ഷെങ്കോ സഖ്യത്തെ 33-29ന് വീഴ്ത്തിയാണ് ഇരുപത്തിയഞ്ചുകാരനായ അംഗദും ഇരുപതുകാരിയായ ഗണേമതും സ്വർണം നേടിയത്. യോഗ്യതാ റൗണ്ടിൽ 141 പോയിന്റ് നേടിയാണ് ഇന്ത്യൻ സഖ്യം ഫൈനലിലേക്ക് നേരത്തേ യോഗ്യത നേടിയത്. വനിതകളുടെ സ്‌കീറ്റ് ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു.

ഇതോടെ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ മെഡൽ നേട്ടം 15 ആയി. ഏഴ് സ്വർണവും നാല് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്.