
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ എം.ഡി.എം.എ, കഞ്ചാവ് എന്നിവ വില്പന നടത്താനെത്തിയ രണ്ടു യുവാക്കളെ ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡും ആറ്റിങ്ങൽ പൊലീസും ചേർന്ന് പിടികൂടി.
പെരുമാതുറ പുതുക്കുറിച്ചി സാജിത മൻസിലിൽ സനൽ( 29), തിരുവനന്തപുരം പട്ടം കൊട്ടാര കുളത്തിങ്കര വീട്ടിൽ അനു ( 0)എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 3. 45ഓടെയാണ് ഇവർ വലയിലായത്.
ആറ്റിങ്ങലിൽ സംഘം എത്തിയെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ആറ്റിങ്ങൽ ഗവ. കോളേജിന് സമീപം വച്ചാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് 3 ഗ്രാം എം.ഡി.എം.എ, 650 ഗ്രാം കഞ്ചാവ്, എയർഗൺ, ഇലക്ട്രിക് ത്രാസ്, കഞ്ചാവ് പായ്ക് ചെയ്തു കൊടുക്കാനുള്ള പ്ലാസ്റ്റ് കവറുകൾ എന്നിവ പിടിച്ചെടുത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ വില്പനയെന്ന് പൊലീസ് പറഞ്ഞു. കാറിനുള്ളിൽ ഇരുന്ന് കഞ്ചാവ് ചെറിയ പാക്കറ്റുകൾ ആക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിവീണത്. കാറും കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി. കെ. മധുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഹരി. സി. എസ്. സി.ഐ രാജേഷ് കുമാർ .ടി, എസ്.ഐ മാരായ ജിബി, ജ്യോതിഷ് ഷാഡോ ടീമംഗങ്ങളായ എസ്.ഐ. ബിജുഹക്ക് , എ.എസ്.ഐ ബിജുകുമാർ, സി.പി.ഒ മാരായ ഷിജു, അനൂപ്, സുനിൽ രാജ് എന്നിവർ ചേർന്നാണ് പിടികൂടിയത്.