covid-vaccine

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിലേക്ക്. ഏപ്രിൽ ഒന്നു മുതൽ 45 വയസിന് മുകളിലുളള എല്ലാവർക്കും കൊവിഡ് വാക്സിൻ നൽകും. നിരവധി സംസ്ഥാനങ്ങളിൽ കൊവിഡ്-19 രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് എല്ലാവർക്കും വാക്സിൻ നൽകാൻ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിച്ച് കൊവിഡ് പ്രതിരോധം നേടാൻ എല്ലാവരും സഹകരിക്കണമെന്നും ജാവദേക്കർ ആവശ്യപ്പെട്ടു. അതേസമയം വാക്സീൻ രണ്ടാംഡോസ് നൽകുന്നതിനുള്ള സമയപരിധി എട്ട് ആഴ്ച്ചവരെയായി ദീർഘിപ്പിച്ചിട്ടുണ്ട്. നാലാമത്തെയും എട്ടാമത്തെയും ആഴ്ചക്കിടയിലാണ് കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായം അതാണെന്നാണ് പുതിയ തീരുമാനത്തിന് നൽകുന്ന വിശദീകരണം.

രാജ്യത്ത് ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് വാക്സിൻ നൽകിയത്. രണ്ടാം ഘട്ടത്തിൽ 60 വയസിന് മുകളിലുള്ളവർക്കും ഗുരുതരമായ രോഗങ്ങളുളള 45 വയസിൽ കൂടുതൽ പ്രായമുള്ളവർക്കുമാണ് വാക്സിൻ നൽകിയത്. മൂന്നാം ഘട്ട വിതരണത്തിന്റെ ഭാഗമായാണ് 45 വയസിനു മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ വാക്സിൻ നൽകുക. ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരോഗ്യമന്ത്രാലയം ആരംഭിച്ചു. വാക്സിനേഷനായി ഓൺലൈനിലോ ബന്ധപ്പെട്ട സ്ഥലത്തോ രജിസ്റ്റർ ചെയ്യാം.

രാജ്യത്ത് ഇതുവരെ 4.85 കോടി ജനങ്ങളാണ് വാക്സിന്റെ ആദ്യടോസ് സ്വീകരിച്ചത്. 80 ലക്ഷം പേർ രാണ്ടാമത്തെ ഡോസ് സ്വീകരിച്ചതായും ജാവദേക്കർ വ്യക്തമാക്കി. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 40000 കടന്നു. രാജ്യത്ത് പുതുതായി 40715 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.