
മോസ്‌കോ: ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനൊരുങ്ങി വ്യോമസേനാ ഉദ്യോഗസ്ഥർ.
ഗഗൻയാൻ ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ റഷ്യയിലെ ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി. റോസ്‌കോസ്‌മോസ് ബഹിരാകാശ ഏജൻസിക്ക് കീഴിലുള്ള ഗഗാറിൻ കോസ്‌മോമോട്ട് ട്രെയ്നിങ് സെന്ററിലായിരുന്നു പരിശീലനം.
ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള കരാർ ഇസ്‌റോയും റഷ്യൻ വിക്ഷേപണ സേവന ദാതാക്കളായ ഗ്ലാവ്‌കോസ്‌മോസും തമ്മിൽ 2019 ജൂണിലാണ് ഒപ്പുവച്ചത്. അതേസമയം, ഇന്ത്യയുടെ ബഹിരാകാശ സ്വപ്നപദ്ധതിയായ ഗഗൻയാൻ 2022 ഓഗസ്റ്റിൽ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ട്. 3 സഞ്ചാരികളെ ബഹിരാകാശത്ത് 7 ദിവസം പാർപ്പിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ വിക്ഷേപണം 2021 ഡിസംബറിൽ നടത്താനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.
റഷ്യയിൽ നിന്നുള്ള പരിശീലനത്തിന് ശേഷം ഇവർക്ക് ഇന്ത്യയിൽ പ്രത്യേക പരിശീലനം നൽകുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഇന്ത്യയുടെ പ്രഥമസഞ്ചാര പേടകപദ്ധതിയാണ് ഗഗൻയാൻ. മൂന്ന് ബഹിരാകാശ യാത്രകർക്കുള്ള യാത്രാസൗകര്യമാണ് പേടകത്തിലുള്ളത്. 10,000 കോടി രൂപയാണ് പദ്ധതി ചെലവ്. വിജയകരമായി പൂർത്തിയായാൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാവും ഇന്ത്യ.