
ന്യൂഡൽഹി: കൊവിഡ് മഹാമാരി, ചുഴലിക്കാറ്റുകൾ, ഭൂകമ്പങ്ങൾ, ഇന്ത്യ-ചൈന സംഘർഷം തുടങ്ങിയ വെല്ലുവിളിനിറഞ്ഞ സമയങ്ങളിലും ഇന്ത്യ ശക്തമായി ഉയർന്നുവന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങൾക്ക് പിന്നിലെ നല്ല ഉദ്ദേശ്യങ്ങൾ ജനങ്ങൾക്ക് മനസിലായെന്നും അതിന്റെ തെളിവാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ മികച്ച പ്രകടനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പി. പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മുൻ കേന്ദ്രമന്ത്രി പി.പി. ചൗധരിയുടെ ലോക്സഭാ മണ്ഡലമായ രാജസ്ഥാനിലെ പാലിയിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനത്തെ അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കിടയിലും പാലിയിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. 90 ശതമാനത്തിലധികം സീറ്റുകളിൽ വിജയിച്ചിരുന്നു.
കൊവിഡ് മാഹാമാരിയുടെ കാലത്തെ അനുഭവങ്ങളും പ്രധാനമന്ത്രി യോഗത്തിൽ പങ്കുവെച്ചു. കൊവിഡ് കാലത്ത് രാജ്യം വൈറസിന്റെ മാത്രം വെല്ലുവിളികളല്ല നേരിട്ടത്. ചുഴലിക്കാറ്റുകൾ, ഭൂകമ്പങ്ങൾ, ഇന്ത്യ-ചൈന സംഘർഷം, വെട്ടുകിളി ആക്രമണം തുടങ്ങിയവയും നേരിട്ടു. എന്നിരുന്നാലും ഈ പ്രതിസന്ധികളെ ശക്തമായി പ്രതിരോധിച്ചതായും രാജ്യം കൂടുതൽ ശക്തമായി ഉയർന്നുവന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടു പതിറ്റാണ്ടിലേറെയായി ഒരു അവധി പോലും എടുക്കാതെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും, ഇപ്പോൾ പ്രധാനമന്ത്രിയായും താൻ പ്രവർത്തിക്കുന്നതായി മോദി പറഞ്ഞതായി പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാൾ യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയെ കൂടാതെ ധനമന്ത്രി നിർമല സീതരാമനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യോഗത്തിൽ പങ്കെടുത്തു.