covid

ഹൈദരാബാദ്: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ. സംസ്ഥാനത്തെ സ്കൂളുകളും കോളജുകളുമുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതൽ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി അറിയിച്ചു. രക്ഷിതാക്കളുടെ ആശങ്ക കൂടി പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

മാസ്ക് ധാരണം, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. 412 പുതിയ രോഗികളാണ് തെലങ്കാനയിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. 3,03,867 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ രോഗവ്യാപന നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

രോഗം നിയന്ത്രണവിധേയമാക്കുന്നതിനായി കർശന നിയന്ത്രണ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്‌ഗഡ്, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിലെ ദിനംപ്രതിയുള്ള കൊവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 24,645. പഞ്ചാബിൽ 2,299 പേർക്കും ഗുജറാത്തിൽ 1,640 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ നിലവിലെ രോഗികളിൽ 75.15 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും ആണ്.