
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന പ്രചരണ വിഷയമാകുമെന്നും ഹിന്ദുക്കളുടെ വികാരം വച്ചാണ് സംസ്ഥാന സർക്കാർ കളിച്ചതെന്നും മുൻ ക്രിക്കറ്ററും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. വിശ്വാസികളുടെ വികാരത്തിന് ആഘാതമേറ്റതിൽ സർക്കാർ മറുപടി പറയേണ്ടി വരുമെന്നും സ്വർണക്കടത്ത് കേസിൽ എന്താണ് സംഭവിച്ചതെന്ന് നാമെല്ലാം കണ്ടുവെന്നും ഗൗതം ഗംഭീർ തൃശൂരിൽ വച്ച് ഒരു മലയാള വാർത്താ മാദ്ധ്യമത്തോട് പ്രതികരിച്ചു. സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിലാണ് നടന്നത്. ഇത്തവണ ജനങ്ങൾ അക്കാര്യം തിരിച്ചറിഞ്ഞ് ബിജെപിക്ക് വോട്ട് ചെയ്യും. എംപി പറഞ്ഞു.
ബിജെപിക്കായി പാലക്കാട്ട് മത്സരിക്കും ഇ ശ്രീധരനും തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപിയും പ്രശസ്തർ മാത്രമല്ല സത്യസന്ധർ കൂടിയാണെന്നും ഗൗതം ഗംഭീർ പറഞ്ഞു. നിയമസഭയില്‍ കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ യോഗ്യതയുള്ളവരാണവർ. അവര്‍ക്ക് സംസ്ഥാനത്തെ പുതിയ ഉയരത്തിലെത്തിക്കാനാവും. രാജ്യത്തിനായി ഒരുപാട് സംഭാവ ചെയ്ത ഇ ശ്രീധരനെപ്പോലുള്ളവര്‍ക്ക് സംസ്ഥാനത്തിനായും വലിയ സംഭാവനകള്‍ നല്‍കാനാവും. ബിജെപി എംപി അഭിപ്രായപ്പെടുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയതായിരുന്നു ഗംഭീർ.