
പൂനെ: ടെസ്റ്റിലേയും ട്വന്റി-20യിലേയും പോലെയല്ല, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചു തുടങ്ങി. പൂനെയിലെ എം.സി.എ സ്റ്റേഡിയത്തിൽ നടന്ന ഡേ-നൈറ്റ് മത്സരത്തിൽ 66 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ചേസിംഗിന്റെ തുടക്കത്തിൽ പേടിപ്പിച്ചെങ്കിലും അവരുടെ വെല്ലുവിളി 42.1 ഓവറിൽ 251/10 ൽ ഒതുങ്ങി. ആദ്യ സ്പെല്ലിൽ അടിവാങ്ങിയെങ്കിലും രണ്ടാം സ്പെൽ മുതൽ ഗംഭീര തിരിച്ചുവരവ് നടത്തി 4 വിക്കറ്റ് സ്വന്തമാക്കിയ അരങ്ങേറ്റക്കാരൻ പ്രസിദ്ധ് കൃഷ്ണയാണ് ഇംഗ്ലീഷ് ബാറ്റിംംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. മറ്റൊരു അരങ്ങേറ്റക്കാരൻ ക്രുനാൽ പാണ്ഡ്യ ബാറ്റിംഗിൽ ഏകദിനത്തിൽ അരങ്ങേറ്റക്കാരന്റെ ആതിവേഗ അർദ്ധ സെഞ്ച്വറി നേടി റെക്കാഡ് സൃഷ്ടിച്ചു. ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കാഡ് പ്രസിദ്ധും സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും (28), ശിഖർ ധവാനും (98) കരുതലോടെയാണ് തുടങ്ങിയത്.
പതിനാറാമത്തെ ഓവറിൽ ഇന്ത്യൻ സ്കോർ 64ൽ നിൽക്കവേ രോഹിതിനെ ബട്ട്ലറുടെ കൈയിൽ എത്തിച്ച് സ്റ്റോക്സാണ് ആതിഥേയരുടെ ആദ്യ വിക്കറ്റ് നേടിയത്. തുടർന്നെെത്തിയ കൊഹ്ലി (60 പന്തിൽ 56)അർദ്ധ സെഞ്ച്വറി നേടി വുഡ്ഡിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ശ്രേയസ് (6) പരാജയമായി. സെഞ്ച്വരിക്കരികെ വച്ച് ധവാൻ സ്റ്റോക്സിന്റെ പന്തിൽ മോർഗന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ഹാർദ്ദിക്ക് (1) വന്നപോലെ പോയി. പിന്നീട് ക്രീസിൽ ഒന്നിച്ച ക്രുനാലും (31 പന്തിൽ 58), കെ.എൽ.രാഹുലും (43 പന്തിൽ 62) പുറത്താകാതെ 61 പന്തിൽ 112 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ജേസൻ റോയിയും (46), ജോണി ബെയർ സ്റ്റോയും (94 )സ്ഫോടനാത്മക തുടക്കമാണ് നൽകിയത്. എന്നാൽ ആദ്യ സ്പെല്ലിൽ നിരാശപ്പെടുത്തിയ പ്രസിദ്ധ് 15മത്തെ ഓവറിലെ രണ്ടാം പന്തിൽ ഇംഗ്ലീഷ് സ്കോർ 135ൽ വച്ച് റോയിയെ പുറത്താക്കിയതോടെ അവരുടെ പതനം തുടങ്ങുകയായിരുന്നു.പിന്നീട് തുടർച്ചയായി അവർക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.
പ്രസിദ്ധിനെക്കൂടാതെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷർദ്ദുൾ താക്കൂറും 2 വിക്കറ്റെടുത്ത ഭുവിയും ബൗളിംഗിൽ തിളങ്ങി.
ശ്രേയസിന്
പരിക്ക്
ഇംഗ്ലണ്ട് ഇന്നിംഗ്സിലെ എട്ടാം ഓവറിൽ ഒരു ബൗണ്ടറി തടയുന്നതിനിടെ തോൾ കുത്തി മൈതാനത്ത് വീണ ശ്രേയസ് അയ്യരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ തോളിന് ഇളക്കം തട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അരങ്ങേറ്റത്തിൽ പിതാവിന്റെ ഓർമ്മയിൽ വിതുമ്പി ക്രുനാൽ
ഇന്നലെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുമ്പോൾ കഴിഞ്ഞയിടെ അന്തരിച്ച പിതാവ് ഹിമാൻഷ്യൂ പാണ്ഡ്യയുടെ ഓർമ്മയിൽ വിതുമ്പി ക്രുനാൽ പാണ്ഡ്യ. മത്സരത്തിന് മുൻപ് അനിയൻ ഹാർദ്ദിക് പാണ്ഡ്യയയാണ് ഏകദിന ക്യാപ് ക്രുനാലിന് നൽകിയത്.
തൊപ്പി സ്വീകരിക്കുന്നിതിനിടെ വിതുമ്പിപ്പോയ ക്രുനാൽ അത് ആകാശത്തേക്കുയർത്തി ഈ നേട്ടം പിതാവിന് സമർപ്പിക്കുകയായിരുന്നു. തുടർന്ന് ഹാർദ്ദിക്കിനെ കെട്ടിപ്പിടിച്ച് ക്രുനാൽ കരഞ്ഞു. ബാറ്റിംഗിന് ശേഷവും ഹാർദ്ദിക്കിനെ കെട്ടിപ്പിടിച്ച് കരഞ്ഞ ക്രുനാൽ ടിവി അഭിമുഖത്തിന് വിളിച്ചപ്പോഴും പിതാവിനെയോർത്ത് വികാരാധീനനായി. കർണാടക താരം പ്രസിദ്ധ് കൃഷ്ണയും ഇന്നലെ ഏകദിനത്തിൽ അരങ്ങേറ്റം നടത്തി.
റെക്കാഡുകൾ
ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും വേഗത്തിൽ അർദ്ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കാഡും ക്രുനാൽ ഇന്നലത്തെ മത്സരത്തിൽ സ്വന്തമാക്കി. 26 പന്തിലാണ് ക്രുനാൽ ഇന്നലെ അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയത്. 1990ൽ ന്യൂസിലൻഡിന്റെ ജോൺ മോറിസ് കുറിച്ച റെക്കാഡാണ് ഇന്നലെ ക്രുനാൽ പഴങ്കഥയാക്കിയത്. അതേ പോലെ ഇംഗ്ലണ്ടിന്റെ 4വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമായി.