bihar

പാട്ന: തൊഴിലില്ലായ്മ, വിലക്കയറ്റം, പൊലീസിന് പ്രത്യേക അധികാരം നൽക്കുന്ന ബിഹാ‌ർ സ്പെഷ്യൽ ആംഡ് പൊലീസ് ബിൽ 2021 എന്നിവയ്ക്കെതിരെ ആർ.ജെ.ഡി നടത്തിയ നിയമസഭാ വളയൽ സമരം അക്രമാസക്തമായി. പാർട്ടി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും അറസ്റ്റിലായി.

കൊവിഡ് സാഹചര്യത്തിൽ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഡാക് ബംഗ്ലാ ചൗക്കിൽ ബാരിക്കേ‍ഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതിനെ തുടർന്നാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്​. പ്രവർത്തകർ നടത്തിയ കല്ലേറിൽ പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കും പരുക്കേറ്റു. ലാത്തിച്ചാർജ്ജിന്​ പുറമെ ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്.
വിഷയങ്ങൾ പ്രതിപക്ഷംനിയമസഭയിൽ ഉന്നയിച്ചതോടെ

അവിടെയും സംഘർഷമായി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർ വിജയ് കുമാർ സിൻഹയെ ചേംബറിൽ തടയാൻ ശ്രമിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ ആർ.ജെ.ഡി എം.എൽ.എ സുധാകർ സിംഗ്,സി.പി.എം എം.എൽ.എ സത്യേന്ദ്ര യാദവ്​ എന്നിവർക്ക് പരിക്കേറ്റു.

എതിർപ്പിനും പ്രതിഷേധങ്ങൾക്കും ഇടയിൽ സഭയിൽ പൊലീസ് ബിൽ പാസാക്കി.