rahul-gandhi

എറണാകുളം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് തന്റെ ആഗ്രഹമാണെന്ന് രാഹുൽ ഗാന്ധി. എന്നാൽ അതിന് കുറച്ചു കൂടി സമയം വേണ്ടി വരും. അതിനായുള്ള ശ്രമം താൻ തുടരുമെന്നും ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ, സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ചും രാഹുൽ ഗാന്ധി രംഗത്തെത്തി. സി.പി.എം ഉള്ളതെല്ലാം പാർട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി നോക്കണമെന്നും കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് നൽകേണ്ട ജോലി സി.പി.എം വേണ്ടപ്പെട്ടവർക്ക് നൽകുന്നുവെന്നും രാഹുൽ വിമർശിച്ചു.

ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് രാഹുൽ ഗാന്ധി പാലായിൽ പറഞ്ഞു.
പാവപ്പെട്ടവർക്കും കർഷകർക്കും 72000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയെപ്പറ്റി അദ്ദേഹം ജനങ്ങളോട് വിശദീകരിച്ചു. പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എത്തിയതായിരുന്നു രാഹുൽ.

കോട്ടയം മണ്ഡലത്തിലെ ചിങ്ങവനത്ത് ഇന്നത്തെ പ്രചാരണം ആരംഭിച്ച രാഹുൽ ഗാന്ധി പുതുപ്പുള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് വോട്ട് തേടിയെത്തി. കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും പിറവത്തും അദ്ദേഹം പ്രചാരണം നടത്തി.