
ദീർഘകാലം വേണ്ടവിധം ചികിത്സിക്കാതെ പോകുന്ന പ്രമേഹം ലൈംഗിക ജീവിതാസ്വാദനത്തിന് തടസമാകും എന്നകാര്യം ഭൂരിഭാഗം പേർക്കും അറിയാത്ത ഒന്നാണ്. പുരുഷൻമാരിലും സ്ത്രീകളിലും പ്രമേഹം ലൈംഗിക പ്രശ്നങ്ങളുണ്ടാക്കാറുണ്ടെങ്കിലും പലപ്പോഴും പെട്ടെന്ന് തിരിച്ചറിയുന്നതും ചികിത്സതേടുന്നതും പുരുഷൻമാരാണെന്നുമാത്രം.
ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ലൈംഗിക താൽപര്യക്കുറവ് എന്നിവയാണു പ്രമേഹരോഗികളായ പുരുഷന്മാർ നേരിടുന്ന പ്രധാന ലൈംഗിക പ്രശ്നങ്ങൾ. പ്രമേഹരോഗികളായ ഭൂരിഭാഗം പുരുഷൻമാരെയും അലട്ടുന്ന പ്രശ്നം ഉദ്ധാരണക്കുറവാണ്. പ്രായം, പ്രമേഹത്തിന്റെ തീവ്രത, മറ്റ് അനുബന്ധ രോഗങ്ങൾ, പ്രമേഹസംബന്ധമായ സങ്കീർണതകൾ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് പ്രമേഹരോഗികളിൽ ഉദ്ധാരണ പ്രശ്നങ്ങൾ സംഭവിക്കുക.

പ്രമേഹം രക്തക്കുഴലുകളെയും ഞരമ്പുകളെയും ബാധിക്കുമ്പോഴാണ് ലൈംഗിക ബലഹീനത ഉണ്ടാവുന്നത്. ധമനികളിലെ ജരിതാവസ്ഥയും അടവുകൾക്കുള്ള സാദ്ധ്യതയും പ്രമേഹരോഗിയിൽ ഉദ്ധാരണത്തകരാറുണ്ടാക്കുന്നു. ഇതേ ധമനീപ്രശ്നങ്ങൾ ശരീരത്തിലെവിടെയും സംഭവിക്കാം, ഹൃദയത്തിലും. ചുരുക്കിപ്പറഞ്ഞാൽ ഉദ്ധാരണക്കുറവ് ബാധിച്ച പ്രമേഹരോഗിക്ക് ഹൃദയാഘാതം വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഉദ്ധാരണപ്രശ്നങ്ങളുള്ള പ്രമേഹരോഗിയുടെ ഹൃദയാരോഗ്യം വളരെ സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ട ഒന്നാണ്.
പുരുഷന്മാരിൽ ഉറക്കത്തിനിടയിൽ പുലർ കാലത്തുണ്ടാകുന്ന സ്വാഭാവിക ഉദ്ധാരണം ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് ഉദ്ധാരണ പ്രശ്നം അവയവ കേന്ദ്രീകൃതമോ ധമനീ-നാഡീ പ്രശ്നങ്ങളോ കൊണ്ടുണ്ടായതോ ആണെന്ന് കരുതേണ്ടത്. ഈ ഘട്ടത്തിൽ വൈകാതെ പരിശോധനകളും ചികിത്സകളും ആവശ്യമായിവരും. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്താതിസമ്മർദം, കൊളസ്‌ട്രോൾ അളവ് തുടങ്ങിയവ നിയന്ത്രിക്കുക വഴി ഉദ്ധാര ണപ്രശ്നങ്ങൾ ഒരു പരിധി വരെ സാധാരണഗതിയിലേക്കു തിരിച്ചുകൊണ്ട് വരാവുന്നതാണ്. പുകവലി നിർത്തുക, അമിതഭാരം കുറയ്ക്കുക, ദിവസവും വ്യായാമം ചെയ്യുക എന്നിവയും ലൈംഗികാരോഗ്യം സംരക്ഷിക്കുന്നതിന് സഹായകരമാകും.

ജീവിത രീതികളിൽ മാറ്റം കൊണ്ട് വരുന്നത് കൊണ്ട് പ്രയോജനം ലഭിക്കുന്നില്ല എന്ന് കണ്ടാൽ വയാഗ്ര അടക്കമുളള ലൈംഗികോത്തേജന മരുന്നുകളും ചികിത്സാമാർഗങ്ങളും സ്വീകരിക്കാവുന്നതാണ്. എന്നാൽ ഇത് ഒരു വിദഗ്ദധ ഡോക്ടറുടെ അനുവാദത്തോടെ ആയിരിക്കണമെന്നുമാത്രം. പ്രമേഹം തിരിച്ചറിയുന്ന ഘട്ടം മുതൽ ശക്തമായ നിയന്ത്രണം പാലിക്കുന്ന ഒരാൾക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ലൈംഗികാരോഗ്യം നഷ്ടപ്പെടില്ല. ഈ വസ്തുത ഏവരും തിരിച്ചറിയേണ്ടതാണ്.