
കാലിഫോർണിയ: ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങൾ ഒരുതരത്തിലുമുളള ചാരപ്പണികളും നടത്തുന്നില്ലെന്ന ഉറപ്പുമായി ടെസ്‌ല കമ്പനി സി.ഇ.ഒ എലോൺ മസ്‌ക്. സൈനിക രഹസ്യങ്ങൾ ചോർത്തുന്നുവെന്ന സംശയത്തിൽ ചൈനയിലെ സൈനിക കെട്ടിട സമുച്ചയങ്ങളിലും പട്ടാളക്കാരുടെ താമസകേന്ദ്രങ്ങളിലും ടെസ്‌ല കാറുകൾ പ്രവേശിക്കുന്നത് നിരോധിച്ചതായ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. ചൈന ഡെവലപ്‌മെന്റ് ഫോറത്തിൽ ഓൺലൈനായാണ് മസ്‌ക് പ്രതികരിച്ചത്.

ടെസ്‌ല, വാഹനങ്ങളിൽ ഘടിപ്പിച്ച ക്യാമറയുപയോഗിച്ച് ചാരപ്പണി നടത്തുന്നുണ്ടെന്നാണ് ചൈനീസ് സൈന്യത്തിന്റെ ആരോപണം. എന്നാൽ, ആരോപണം തെളിഞ്ഞാൽ കമ്പനി അടച്ചുപൂട്ടുമെന്ന് മസ്‌ക് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ അല്പം കൂടി പരസ്പരവിശ്വാസമുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വൈദ്യുതകാർ വിപണിയിൽ വൻ മത്സരം നടക്കുന്ന ചൈനയിൽ ടെസ്‌ല കഴിഞ്ഞവർഷം 1,47,445 വാഹനങ്ങൾ വിറ്റിരുന്നു. ഇത് ലോകത്താകമാനം കമ്പനി വിറ്റ വൈദ്യുത വാഹനങ്ങളുടെ 30 ശതമാനത്തോളം വരും.