
കൊച്ചി:സ്വർണക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.കേസിന് പിന്നിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചനയാണെന്നാണ് ഇഡി ഹർജിയിൽ ആരോപിക്കുന്നത്.
ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം വെറും പ്രഹസനം ആയിരുന്നുവെന്നും, ആരോപണ വിധേയരായ ഇഡി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ലെന്നും, ഈ സാഹചര്യത്തിൽ എഫ് ഐ ആർ റദ്ദാക്കണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നത്.
നിഷ്‌പക്ഷ അന്വേഷണത്തിനായി കേസ് സി ബി ഐയ്‌ക്ക് കൈമാറണമെന്നും ഇ ഡി ഹർജിയിൽ ആവശ്യപ്പെടുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിനെ നിർബന്ധിച്ചെന്ന പൊലീസുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.