north-korea

പ്യോഗ്യാഗ്: ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം തുടരുമ്പോഴും അവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്ക. കഴിഞ്ഞ ആഴ്ച രണ്ടു മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. എന്നിട്ടും ചര്‍ച്ചക്ക് തയ്യാറാണെന്ന ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാടില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. ഐക്യരാഷ്ട്ര സഭയുടെ നിരോധനം നിലനില്‍ക്കെയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം തുടരുന്നത്.

അതേസമയം ഇപ്പോള്‍ നടത്തിയ പരീക്ഷണം യു.എന്നിന്റെ നിരോധന ചട്ടത്തിലുള്ളില്‍ വരുന്നതല്ലെന്നാണ് അമേരിക്കുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ആണവ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള രണ്ട് ക്രൂയിസ് മിസൈലുകളാണ് പടിഞ്ഞാറന്‍ കടലില്‍ ഉത്തരകൊറിയ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നത്. ദക്ഷിണ കൊറിയയുമായി സൈനിക സഹകരണത്തിലേര്‍പ്പെട്ട അമേരിക്കന്‍ നടപടിക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. സമാധാനത്തോടെ കിടന്ന് ഉറങ്ങണമെങ്കില്‍ ഈ നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം അമേരിക്കയോട് പറഞ്ഞു. ഈ ഭീഷണിപ്പെടുത്തല്‍ നിലനില്‍ക്കെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷത്തെ പോലും അവഗണിച്ച് ചര്‍ച്ചക്ക് തയ്യാറാക്കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാട് ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തുകയാണ്.

ബൈഡല്‍ ഭരണകൂടം അധികാരത്തില്‍ വന്നയുടന്‍ തന്നെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. കാര്യമായി ഒന്നും മാറിയിട്ടില്ലെന്നായിരുന്നു അന്ന് ജോ ബൈഡന്‍ അതിനോട് പ്രതികരിച്ചത്. ഉത്തരകൊറിയയോടുള്ള നിലപാടില്‍ മറ്റമില്ലെന്ന സൂചനയാണ് അന്ന് അദ്ദേഹം നല്‍കിയത്. അമേരിക്കന്‍ നഗരങ്ങളെ ആക്രമിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചതിന് പിന്നാലെയാണ് അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായത്. എന്നാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിം ജോംഗ് ഉന്നുമായി വ്യക്തി ബന്ധം വളര്‍ത്തിയത് സംഘര്‍ഷങ്ങള്‍ ശമിക്കാന്‍ ഇടയാക്കി.