
ന്യൂഡൽഹി:സോളാർ പീഡനക്കേസിൽ സി ബി ഐ അന്വേഷണം തുടങ്ങി. പ്രാഥമിക വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പരാതിക്കാരിയോട് ഡൽഹിയിലെ ഓഫീസിൽ ഹാജരാവാൻ സി ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണം നേരത്തേ സംസ്ഥാന സർക്കാർ സിബിഐയ്ക്ക് വിട്ടിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ, ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി എന്നിവർ പ്രതികളായ കേസുകളാണ് സർക്കാർ സി.ബി.ഐക്കു കൈമാറി വിജ്ഞാപനമിറക്കിയത്.
പൊലീസിന്റെ കേസന്വേഷണത്തിൽ പുരോഗതിയില്ലെന്നു കാണിച്ച് പരാതിക്കാരി മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണം സർക്കാർ സി ബി ഐയ്ക്ക് വിട്ടത്. സോളാർ കേസിലെ പ്രതിയായ പരാതിക്കാരിയെ ഔദ്യോഗിക വസതികൾ ഉൾപ്പടെ പലസ്ഥലങ്ങളിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2016-ലാണ് പരാതി ഉയർന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിലും ലൈംഗിക പീഡനങ്ങളെക്കുറിച്ചു പരാമർശമുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നത് വലിയ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാക്കിയത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ ഇടപാട് എന്നിവയിൽ സി.ബി.ഐ. ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ എതിർക്കുന്ന സംസ്ഥാനസർക്കാർ സോളാർ കേസിൽ മറിച്ചൊരു തീരുമാനമെടുത്തത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടിട്ടെന്നായിരുന്നു യു.ഡി.എഫ്. ആരോപണം. എന്നാൽ സർക്കാർ ഇത് നിഷേധിച്ചു.