covid-update-

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ നിരക്ക് ഉയര്‍ന്നു തന്നെ. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 47,262 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിയോടെയുണ്ടായ അതേ നിരക്കിലാണ് ഇപ്പോഴത്തെ രോഗ വ്യാപന നിരക്ക് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. നിലവില്‍ ആക്റ്റിവ് കേസുകളുടെ എണ്ണം 3,68,457യാണ്. രോഗമുക്തരാകുന്നവരുടെ എണ്ണം 95.67 ശതമാനമെന്നതാണ് പ്രതീക്ഷ നല്‍കുന്ന ഒരു കണക്ക്. ഇതുവരെ കൊവിഡ് ബാധിച്ച് 1,60,441 പേര്‍ രാജ്യത്ത് മരണപ്പെട്ടു.

അതേസമയം രാജ്യത്ത് നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ നല്‍കും. കൂടുതല്‍ വാക്‌സിന്‍ മാര്‍ക്കറ്റിലെത്തിക്കും. വാക്‌സിനേഷനിലെ നിര്‍ണ്ണായക ചുവടുവെപ്പായിരിക്കുമിതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മൂന്നാംഘട്ടത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനമെടുത്തത്. രാജ്യത്ത് ഇതിനോടകം അഞ്ചു കോടി ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതായിയാണ് കണക്ക്. കൊവിഡ് നിയന്ത്രണത്തിൽ വിട്ടുവിഴ്ച് പാടില്ലെന്ന് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കർശന നിർദ്ദേശം നൽകി.