
കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കിടയിലും നോട്ട് കടത്ത് നടന്നിട്ടുണ്ടെന്ന് നിർണായക മൊഴി. മുഖ്യമന്ത്രി നയിച്ച പ്രതിനിധി സംഘം ദുബായ് സന്ദർശിച്ച വേളയിലും കോൺസുലേറ്റ് വഴി വിദേശത്തേക്ക് കറൻസി കടത്തിയതായാണ് സ്വർണക്കടത്ത് കേസ് പ്രതി പി എസ് സരിത്തിന്റെ മൊഴി.
മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടശേഷം സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ ഹരികൃഷ്‌ണൻ ഫോണിൽ വിളിച്ച് ഒരു പൊതി കൊണ്ടുപോകാൻ മറന്നതായി അറിയിച്ചു. ഇക്കാര്യം സ്വപ്‌നയെ അറിയിച്ചപ്പോൾ ശിവശങ്കർ തന്നെ ഇതു കോൺസുൽ ജനറലിനെ അറിയിച്ചിട്ടുണ്ടെന്നും പൊതി പ്രോട്ടോകോൾ ഓഫിസിൽനിന്നു കൈപ്പറ്റണമെന്നും പറഞ്ഞു.
സെക്രട്ടേറിയറ്റിലെ ഓഫിസിൽവച്ച് ഹരികൃഷ്‌ണൻ തന്ന പൊതി കോൺസുലേറ്റിൽ തിരികെയെത്തി സ്‌കാൻ ചെയ്തപ്പോഴാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. കോൺസുലേറ്റിലുണ്ടായിരുന്ന ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ അഹമ്മദ് അൽ ദൗഖിയാണ് ഇതു ദുബായിൽ എത്തിച്ചതെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.