c-raghunath

ധർമ്മടം: തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് പ്രചാരണം ശക്തമാക്കി കോൺഗ്രസ്. സ്ഥാനാർത്ഥി സി.രഘുനാഥിന്റെ പ്രചാരണ ദൃശ്യങ്ങൾ അടങ്ങിയ ഫേസ്‌ബുക്ക് വീഡിയോകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്നോവ കാറിൽ വന്നിറങ്ങുന്ന രഘുനാഥ് നാട്ടുകാരുടെ സ്‌നേഹപരിലാളനകളും ആദരവും ഏ‌റ്റുവാങ്ങുന്നതാണ് വീഡിയോയിലുള‌ളത്. കരുതലോടെയും പ്രതീക്ഷയോടെയും തന്നെ വരവേ‌റ്റ നാട്ടുകാരോട് എന്നും കടപ്പെട്ടിരിക്കുമെന്ന തലവാചകത്തോടെയാണ് സി. രഘുനാഥ് പോസ്‌റ്റ് ഷെയർ ചെയ്‌തിരിക്കുന്നത്.

കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമോയെന്നുള‌ള അനിശ്ചിതത്വത്തിനൊടുവിലാണ് സി.രഘുനാഥ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായത്. പഴയ ധർമ്മ പട്ടണമായ ഇന്നത്തെ ധർമ്മടത്തിൽ ധർമ്മം വാഴിക്കാനാണ് തന്റെ നിയോഗമെന്നായിരുന്നു മണ്ഡലപര്യടനം ആരംഭിച്ചപ്പോൾ സി.രഘുനാഥ് അഭിപ്രായപ്പെട്ടത്.

36905 വോട്ടുകൾക്ക് 2016ൽ പിണറായി വിജയൻ മത്സരിച്ച ധർമ്മടം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ്. 2011ലും 2016ലും കോൺഗ്രസ് സ്ഥാനാർത്ഥിയായത് മമ്പറം ദിവാകരനാണ്. 2011ൽ 15,​000ലധികം വോട്ടിനാണ് ഇടത് സ്ഥാനാർത്ഥി കെ.കെ നാരായണൻ വിജയിച്ചത്. 2016ൽ പിണറായി വിജയൻ ഭൂരിപക്ഷം ഇരട്ടിയിലേറെയാക്കി.