
കൊച്ചി: ഏറെ നാളുകൾക്കുശേഷം ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിനും ഡീസിലിനും 18 പൈസയാണ് കുറഞ്ഞത്. കഴിഞ്ഞദിവസം അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്കൃത എണ്ണവില ഗണ്യമായി കുറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലിലാണ് ഇന്ധനവില കുറച്ചത്. ഇതോടെ കൊച്ചിയിൽ ഒരുലിറ്റർ പെട്രോളിന് 91.16 രൂപയായി. ഡീസലിന് 85.74 രൂപയാണ്. കഴിഞ്ഞ മാസം 27നാണ് അവസാനമായി ഇന്ധനവില വർദ്ധിച്ചത്. അന്ന് പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസസലിന് 15 പൈസയുമാണ് കൂടിയത്. ഈ വർഷം ആദ്യത്തെ രണ്ടുമാസം മാത്രം പെട്രോളിന് ലിറ്ററിന് 4.87 രൂപയും ഡീസലിന് 4.99 രൂപയുമാണ് വർദ്ധിച്ചത്.
അന്താരാഷ്ട്ര മാർക്കറ്റിലെ വില അനുസരിച്ചാണ് രാജ്യത്ത് ഇന്ധനവില ഓരോദിവസവും പുതുക്കി നിശ്ചയിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ഉയർന്ന നികുതികളായിരുന്നു ഇതിന് കാരണം. നികുതി കുറയ്ക്കാൻ ചില സംസ്ഥാനങ്ങൾ തയ്യാറായെങ്കിലും നികുതി കുറയ്ക്കാനില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. ഇടയ്ക്ക് പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇത് പിന്നീട് കേന്ദ്ര ധനമന്ത്രി തള്ളിയിരുന്നു. ഇന്ധനവില വർദ്ധിച്ചതോടെ അവശ്യ സാധനങ്ങളുടെ വിലയും വൻതോതിൽ കൂടിയിട്ടുണ്ട്. ഇത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിനെ ആകെ താളംതെറ്റിച്ചിരിക്കുകയാണ്.