
തിരുവനന്തപുരം: സി പി എം നേതാവ് കോടിയേരി ബാലകൃഷണന്റെ ഭാര്യ വിനോദിനിയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാർച്ച് 30ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്.
ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് അയക്കുന്നത്.കഴിഞ്ഞ രണ്ട് തവണയും ഹാജരായിരുന്നില്ല. ഇത്തവണയും ഹാജരായില്ലെങ്കിൽ കോടതി വഴി വാറന്റ് അയക്കുമെന്ന് കസ്റ്റംസ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
യു എ ഇ കോൺസുൽ ജനറലിന് നൽകിയ ഐഫോൺ എങ്ങനെ വിനോദിനിയുടെ കൈയിൽ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.അതേസമയം സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും, ഫോൺ വാങ്ങിയിട്ടില്ലെന്നുമായിരുന്നു വിനോദിനി മുമ്പ് പ്രതികരിച്ചത്.