
ന്യൂഡല്‍ഹി: വരുന്ന രണ്ടാഴ്ചകളിലായി ഏഴു ദിവസവും ബാങ്കുകള്‍ അടഞ്ഞു കിടക്കും. മാര്‍ച്ച് 27 മുതല്‍ മാര്‍ച്ച് നാലുവരെ തുടര്‍ചയായ ഒന്‍പത് ദിവസങ്ങളില്‍ മാര്‍ച്ച് 30, ഏപ്രിൽ മൂന്ന് എന്നി ദിവസങ്ങളിൽ മാത്രമാണ് ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുക. ആര്‍.ബി.ഐയുടെ കലണ്ടര്‍ പ്രകാരമാണ് ഇത്രയും അവധികള്‍ ഒന്നിച്ച് ബാങ്കിന് ലഭിക്കുന്നത്. ഇടയ്ക്ക് രണ്ടു ദിവസം ലഭിക്കുന്നവെന്നതിലാണ് ഏക ആശ്വാസം. തുടര്‍ച്ചയായ പൊതുഅവധികളും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനവും ഒന്നിച്ചു വന്നതാണ് ഇത്രയും അധികം ദിവസം ബാങ്ക് അവധിയാകാന്‍ കാരണം.
മാര്‍ച്ച് 27 മാസത്തിലെ അവസാന ശനിയാഴ്ചയും 28 ഞായറാഴ്ചുമാണ്. 29 ഹോളിയായതുകൊണ്ട് തന്നെ പൊതുഅവധിയാണ്. 30ന് ബാങ്ക് തുറക്കുമെങ്കിലും 31 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസവും ഏപ്രില്‍ ഒന്ന് ആദ്യ ദിവസവുമായതിനാല്‍ ഈ ദിവസങ്ങളില്‍ വീണ്ടും ബാങ്ക് സേവനങ്ങള്‍ പൊതുജനത്തിന് ലഭിക്കില്ല. ഏപ്രില്‍ രണ്ട് ദുഃഖവെള്ളിയാണ്. തുടര്‍ന്ന് വരുന്ന ഏപ്രില്‍ മൂന്ന് ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കും. എന്നാല്‍ അടുത്ത ദിവസം വീണ്ടും ഞായറായതുകൊണ്ടുതന്നെ ബാങ്ക് അവധിയായിരിക്കും. ഇത്രയും ദിവസം ബാങ്കിംഗ് സേവനങ്ങള്‍ മുടങ്ങുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തില്‍ വേണ്ട മുന്‍ കരുതല്‍ ജനങ്ങള്‍ സ്വീകരിക്കേണ്ടതാണ്.