pinarayi-vijayan

പത്തനംതിട്ട: കിഫ്ബിയെ സംരക്ഷിക്കുക നാടിന്റെ വികസനം ഉറപ്പ് വരുത്തുന്നതിനുളള നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരായ ഏത് ആക്രമണത്തേയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

പി എം സുരേഷ് ബാബു കോൺഗ്രസിൽ നിന്ന് ഇതുവരെ അനുഭവിക്കേണ്ടി വന്ന വേദനകളെല്ലാം പറഞ്ഞ് പടിയിറങ്ങുകയാണ്. വർഗീയ വിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്ക് രക്ഷയില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുകയാണ്. കോൺഗ്രസ് വിട്ടുകൊണ്ട് സുരേഷ് ബാബു പറഞ്ഞ കാര്യങ്ങൾ ഗൗരവതരമാണ്. മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ കോൺഗ്രസിന് ആകുന്നില്ല. വർഗീയ പ്രീണന നയങ്ങളുമായി സന്ധി ചെയ്യുന്നവർക്കേ കോൺഗ്രസിൽ നിൽക്കാൻ ആകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയും ജനാധിപത്യ മൂല്യവും കാത്തുസൂക്ഷിക്കുന്നവർക്ക് എൽ ഡി എഫ് അസ്വീകാര്യമാവേണ്ട കാര്യമില്ല. സംസ്ഥാന സർക്കാരിനെതിരെ എൻ എസ് എസ് നടത്തുന്ന തുടർച്ചയായ വിമർശനങ്ങളിൽ സംശയങ്ങളുയരുന്നുണ്ട്. എന്താണ് അങ്ങനെ പ്രത്യേക പെരുമാറ്റത്തിന് കാരണമെന്ന് മാദ്ധ്യമപ്രവർത്തകർ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു.

എൻ എസ് എസിന് സർക്കാരിനോട് ഒരു പെരുമാറ്റം ഉണ്ടെന്ന് നാട്ടിലൊരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരൻ നായർ മനസിലാക്കുന്നത് നല്ലതാണ്. തനിക്കോ സർക്കാരിനോ എൻ എസ് എസുമായി ഒരു പ്രശ്‌നവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.