rahul-gandhi

തിരഞ്ഞെടുപ്പിന്റെ കളത്തിലിറങ്ങിയപ്പോൾ ധർമ്മജൻ ബോൾഗാട്ടി പോലും നട്ടും ബോൾട്ടും മുറുക്കി. കോമാളിവേഷങ്ങൾ അഴിച്ച് പരണത്ത് വച്ചു. എന്നിട്ടും എന്താ നമ്മുടെ രാഹുൽഗാന്ധി മാത്രം ബലൂണും ഓലപ്പമ്പരവുമായി നടക്കുന്നത്? ചരിത്രമെടുത്താലും പാരമ്പര്യമെടുത്താലും പ്രധാനമന്ത്രിയുടെ കസേരയിൽ ഉറച്ചിരുന്ന് ഇന്ത്യയുടെ മാനാഭിമാനങ്ങൾ കാത്ത്,​ ഭരണചക്രം തിരിക്കേണ്ട വ്യക്തിയാണ് രാഹുൽ ഗാന്ധി. അതിനുള്ള സൗന്ദര്യവും ഉണ്ട്. എന്നിട്ടും എന്തോ ഒരു ചുഴിക്കുത്ത്. എന്താവും അത്. രാഷ്ട്രീയനിലപാടുകൾക്ക് വലിയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണിത്. ആ പ്രതലം ഉൾക്കൊണ്ടുവേണം ഒരു ദേശീയനേതാവ് ഓരോ നിമിഷവും ഉപയോഗിക്കാൻ.

ഏത് പ്രവൃത്തി ചെയ്യുന്നതിനും സമയവും സന്ദർഭവുമുണ്ട്. സഞ്ചരിക്കുന്ന വാഹനത്തിൽനിന്ന് ചാടിയിറങ്ങി ബോണറ്റിൽ കയറി തുള്ളുക, മത്സ്യബന്ധനബോട്ടിൽനിന്ന് കടലിൽ ചാടി നീന്തുക, അവരൊടൊപ്പം കപ്പലണ്ടി കൊറിച്ച് ബീച്ചിൽ സൊറ പറഞ്ഞിരിക്കുക തുടങ്ങിയ പരിപാടികളൊക്കെയാണ് വിജയകാഹളമാക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇപ്പോൾ കൊണ്ടുനടക്കുന്നത്. പഴത്തൊലിയിൽ തെന്നി മാതാവ് മൂടിടിച്ചുവീണാലും ചിരിക്കും, വേണ്ടിവന്നാൽ പിടിച്ചെഴുന്നേൽപ്പിക്കും മുമ്പ് ഒന്ന് കൈയടിക്കും. അതാണ് ശരാശരി മലയാളിയുടെ തിണ്ണമിടുക്ക്.

ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന രാഷ്ട്രീയവ്യക്തിത്വങ്ങളിൽ ഒരാളാണ് രാഹുൽഗാന്ധി. ഉപദേശകർ അദ്ദേഹത്തെ ഒരു കോളേജ് കാമ്പസിന്റെ മതിലിനകത്തേക്ക് ഒതുക്കരുത്. തിരഞ്ഞടുപ്പ് പ്രചാരണം തിളച്ചുനിൽക്കെ രാഹുൽ കഴിഞ്ഞ ദിവസം എറണാകുളം സെന്റ് തെരേസാസ് കോളേജിലെത്തി. വിദ്യർത്ഥിനികളുമായി സംവദിക്കവേ അദ്ദേഹം പൊടുന്നനെ കായിക അദ്ധ്യാപകനായി. സ്റ്റേജിൽ കണ്ട ഒരു വിദ്യാർത്ഥിനിയുടെ ചെരുപ്പ് എടുത്ത് മാറ്റി നിലത്ത് മുട്ടുകുത്തിയിരുന്ന അദ്ദേഹം ജപ്പാനീസ് ആയോധനകലയായ ഐക്കിഡോ പരിശീലിപ്പിക്കുന്നു. അതിനുശേഷം പെൺകുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഉതകുന്ന ഒരു രഹസ്യംകൂടി പൊട്ടിച്ചു. പുരുഷന്മാരേക്കാൾ കായികശക്തി കൂടുതലുള്ളത് സ്ത്രീകൾക്കാണെന്നായിരുന്നു പരസ്യമാക്കിയ ആ രഹസ്യം. കുട്ടികൾക്ക് നിറഞ്ഞ സന്തോഷം. അദ്ദേഹത്തിനും സന്തോഷം. കൂടെ വട്ടംപിടിച്ചു നടക്കുന്ന ഖദർധാരികളും ഹാപ്പി. ഉപദേശകർ ഡബിൾ ഹാപ്പി. വോട്ടു ചെയ്യാനുള്ള ജനം ഹാപ്പിയാണോ? അതു തിരിയാൻ നിലവിലുള്ള ഉപദേശകരുടെ തല പോരാ. ഒരു സഹമന്ത്രി സ്ഥാനംവരെ ഒപ്പിച്ചെടുക്കാനുള്ള ആൾവാസമേ അവരുടെ തലയിലുണ്ടാവൂ. ഇന്ത്യ മൊത്തത്തിൽ കൈപ്പിടിയിലാക്കാൻ അത്രയും പ്രജ്ഞ പോര.

മഹാഭാരതയുദ്ധം പതിന്നാലാം നാൾ. സൂര്യൻ അസ്തമയത്തിലേക്ക് കൂപ്പുകുത്തുകയാണ്. അതുകഴിഞ്ഞാൽ അന്നേദിവസം പിന്നെ യുദ്ധം പാടില്ല. അതാണ് ധർമ്മയുദ്ധനീതി. തന്റെ മകനായ അഭിമന്യു കുമാരനെ ചതിക്കൂട്ടിലാക്കി കൊല്ലാക്കൊലയ്ക്ക് കളമൊരുക്കിയ ജയദ്രഥനെ അതിനുമുമ്പ് അർജ്ജുനന് വധിക്കാനാകണം. അല്ലെങ്കിൽ തന്റെ ശപഥം പാലിച്ച് തീയിൽ ചാടി മരിക്കേണ്ടിവരും. കൗരവപക്ഷത്ത് ആശങ്കയ്ക്കുമേൽ ആഹ്ളാദം പരക്കുകയാണ്. ഭഗവാൻ കൃഷ്ണൻ പറഞ്ഞു: "അർജ്ജുനാ! ഞാൻ 'യോഗശക്തി' പ്രയോഗിക്കുകയാണ്. പറയുന്നതുപോലെ ചോദ്യങ്ങളില്ലാതെ നീ എന്നെ അനുസരിക്കുക." സുദർശനചക്രത്താൽ പൊടുന്നനെ സൂര്യൻ മറഞ്ഞു. ഇരുട്ട് പരന്നു. കൗരവപ്പടയിൽ വിജയഭേരിയുടെ ആവേശം ഉണർന്നു. സംരക്ഷണവലയത്തിലായിരുന്ന ജയദ്രഥൻ പതിയെ തല പൊന്തിച്ചു നോക്കി. "അതാ! ജയദ്രഥൻ! അർജ്ജുനാ പ്രക്ഷേപിച്ചാലും!" നിമിഷങ്ങൾക്കകം അർജ്ജുനന്റെ പാശുപതാസ്ത്രം ജയദ്രഥന്റെ ശിരസ് മുറിച്ചു. സന്ധ്യാവന്ദനത്തിൽ മുഴുകിയിരുന്ന ജയദ്രഥന്റെ പിതാവിന്റെ മടിയിൽ പുത്രന്റെ ശിരസ് പതിച്ചു. ഭഗവാൻ ചക്രായുധം പിൻവലിച്ചു. സമയം ഇനിയും ബാക്കി എന്നറിയിച്ചുകൊണ്ട് സൂര്യന്റെ പ്രഭ വീണ്ടും ഭൂമിയിൽ പരന്നു. അതാണ് യുദ്ധരംഗത്തെ നീതിശാസ്ത്രം. അതാണ് രാഷ്ട്രതന്ത്രം. അത് നരേന്ദ്രമോദിക്കും അദ്ദേഹത്തെ ഉപദേശിക്കുന്നവർക്കും അറിയാം. രാഹുൽഗാന്ധിക്കും അദ്ദേഹത്തിന്റെ ഉപദേശകർക്കും അതിൽ വലിയ വിശ്വാസമില്ല എന്ന് വേണമെങ്കിൽ പറയാം. സത്യം അതല്ല എന്നാണ് കോൺഗ്രസിന്റെ അധികാരചരിത്രം ഓർമ്മിപ്പിക്കുന്നത്.

മേയ് മാസത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖാപിച്ചുകൊണ്ട് 2004 മാർച്ചിലാണ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. കോൺഗ്രസിന്റെ കോട്ടയായിരുന്ന ഉത്തർപ്രദേശിൽ ആകെയുള്ള 80 ലോക്സഭാ മണ്ഡലങ്ങളിൽ 10 എണ്ണം മാത്രമാണ് അപ്പോൾ കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്നത്. വളരെ പ്രതീക്ഷയോടെയാണ് ലോകജനത രാഹുലിന്റെ രാഷ്ട്രീയപ്രവേശത്തെ കണ്ടത്. വിദേശമാദ്ധ്യമങ്ങൾക്ക് ആദ്യമായി നൽകിയ അഭിമുഖത്തിൽ തന്റെ രാജ്യം ഒന്നാണെന്നും ജാതിപരവും മതപരവുമായ പിരിമുറുക്കങ്ങൾ കുറയ്ക്കാൻ യത്നിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ പിതാവിന്റെയും മാതാവിന്റെയും സുരക്ഷിതമണ്ഡലമായ അമേഠിയിൽ നിന്ന് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആ വിജയം ആവർത്തിച്ചു മുന്നേറിയ രാഹുൽഗാന്ധിക്ക് ഒരു പാർലമെന്റ് അംഗത്തിന്റെ വ്യാപ്തിക്കപ്പുറത്തേക്ക് വളരാനായില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലങ്ങൾ ഓർമ്മിപ്പിക്കുന്നത്. 2019ൽ രാഹുലിന് അമേഠി സുരക്ഷതമണ്ഡലമല്ലെന്ന നിലവന്നു. ഇങ്ങു കേരളത്തിൽ വന്ന് പടയൊരുക്കിയ രാഹുലിനെ വയനാടിന്റെ മക്കൾ റെക്കാഡ് ഭൂരിപക്ഷത്തോടെ നെഞ്ചേറ്റിയപ്പോൾ അമേഠിയിലെ ജനങ്ങൾ കൈവിട്ടു. അവിടെ തോറ്റു.

പിതാവും മുത്തശ്ശിയും പ്രധാനമന്ത്രിമാരായിരിക്കെ കൊല്ലപ്പെട്ട രാജ്യത്ത് ജീവൻ സുരക്ഷിതമല്ലെന്ന യാഥാർത്ഥ്യത്താൽ പല തവണ സ്കൂൾ മാറേണ്ടിവന്ന ഇന്ത്യൻ കുട്ടിയാണ് രാഹുൽഗാന്ധി. വിദേശസർവകലാശാലകളായ റോളിൻസ്,​ കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ ബിരുദപഠനം നടത്തുമ്പോൾ അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെയുള്ള ബാല്യ കൗമാര യൗവനങ്ങൾ പിന്നിട്ട രാഹുൽഗാന്ധി തീർത്തും നിർഭയനായി എല്ലാവിഭാഗം ജനങ്ങൾക്കൊപ്പവും ഇടപഴകുന്നു. അവരോടൊപ്പം പണിയെടുക്കുന്നു,​ അവരൊടൊപ്പം തുള്ളിക്കളിക്കുന്നു. രാഹുൽഗാന്ധിയുടെ ജനകീയ അടിത്തറ അത്രയ്ക്ക് വിസ്തൃതമായി എന്നു മാത്രമോണോ ഇതിൽ നിന്ന് മനസിലാക്കേണ്ടത്?​ ഇന്ത്യയിൽ ഇപ്പോൾ ഏതൊരു പൗരനും സുരക്ഷിതനാണ് എന്നൊരു ഭരണപക്ഷ വ്യാഖ്യാനം കൂടി അതിന് നൽകാനാവില്ലേ?​ തീർച്ചയായും അങ്ങനെ ഒരു വശം കൂടിയുണ്ട് അതിന്.

അഭിമന്യുകുമാരനെ ചതിക്കൂട്ടിലാക്കി വധിച്ച ജയദ്രഥനെ കൊല്ലാൻ ഭഗവാൻ ശ്രീകൃഷ്ണന് അല്പനേരം സൂര്യനെത്തന്നെയും മറച്ചുപിടിക്കേണ്ടിവന്നു. മനുഷ്യചെയ്തിയിൽ അത് അസാദ്ധ്യമായിരിക്കെ ഒരുവേള നിയതി കാർമേഘമായിവന്ന് സൂര്യനെ മറച്ച് സന്ധ്യയുടെ സാന്നിദ്ധ്യം സൃഷ്ടിച്ചതാവാമെന്നും വ്യാഖ്യാതാക്കൾക്ക് പറയാം. അതെന്തായാലും വില്ലാളിവീരനായ അർജ്ജുനൻ സന്ദർഭം കൃത്യമായി ഉപയോഗിച്ചു എന്നതാണ് പ്രധാനം.

ചതിയും വക്രബുദ്ധിയുടെ പ്രയോഗവുമല്ല രാഷ്ട്രതന്ത്രം. പ്രത്യേകിച്ചും ജനാധിപത്യ ഭരണക്രമത്തിൽ. പ്രജ്ഞയുടെ ജനാധിപത്യവത്‌കരണമാണ് നടക്കേണ്ടത്. മിമിക്രിയും സൈക്കിൾ യജ്ഞവുംകൊണ്ട് അത് സാദ്ധ്യമാക്കാനാവില്ല. യോഗാസനത്തിലിരുന്ന് നരേന്ദ്രമോദി ലോകശ്രദ്ധയെ തന്നിലേക്ക് ആവാഹിക്കുമ്പോൾ സെന്റ് തെരേസാസിന്റെ മതിലിനകത്തിരുന്ന് ഐക്കിഡോ പഠിപ്പിച്ചോണ്ടിരുന്നാൽ മതിയോ രാഹുൽഗാന്ധി?

ഭരണമാർഗം എന്തായാലും ഒരു സത്യം കൂടി പറയാതെ വയ്യ. ലോകം ആദരിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ കുപ്പായപ്പോക്കറ്റിൽ കാണുമായിരുന്ന റോസാപ്പൂവിന്റെ സുഗന്ധം ഇപ്പോഴും പ്രസരിപ്പിക്കാൻ കഴിയുന്ന ഇന്ത്യൻപൗരനാണ് രാഹുൽഗാന്ധി. ചാച്ചാജിയുടെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്ന രാജ്യത്ത് അദ്ദേഹത്തിന്റെ ചോരയുടെ തുടർച്ചയ്ക്ക് ഇത്രയും ലാളിത്യവും ആകാം. അതിന് ചിലപ്പോൾ സമയവും സന്ദർഭവും വിലങ്ങാവാതിരിക്കാം. ജനാഭിലാഷത്തിന്റെ പൊൻതൂവൽ രാഹുലിന്റെ ഈ ലാളിത്യത്തിന് കിരീടമാകുമോ?​ കാത്തിരുന്ന് കാണാം; വരുംകാല പൂരപ്പറമ്പിലും.