
എല്ലാ യാത്രകളും എവിടെയൊക്കെയോ അവസാനിക്കുന്നവയാണ്. ചിലതൊക്കെ അവസാനിപ്പിക്കേണ്ടതായും വരും. ശരിക്കും ഇതെന്റെ അവസാനത്തെ കുറിപ്പല്ല, ആത്മാവിന്റെ കുറിപ്പാണ്. ഇതൊരു മരണമല്ല, ഒരുപാടുനാൾ ആജ്ഞാനുവർത്തികളുടെയും സ്നേഹം നടിച്ചിരുന്നവരുടെയും ശാരീരിക ബന്ധനത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ഒരു ചെറിയ പ്രക്രിയ മാത്രം.
ആത്മമോചനത്തിനു മുമ്പ് ശരീരം എഴുതുകയാണ്. നിങ്ങൾ ഇത് വായിച്ചു കഴിയുമ്പോഴേക്കും എന്റെ ആത്മാവ് സ്വതന്ത്രമായിരിക്കും. നിങ്ങൾ ആരും തേടി വരാത്തത്ര ദൂരത്തിൽ ഒരു മരക്കൊമ്പിൽ... അല്ല, വിഷത്തുള്ളികൾ ഇറ്റ്... ഹോ, വേണ്ട അതൊക്കെ തീരുമാനിക്കാൻ ഇനിയും സമയമുണ്ടല്ലോ... വേദന ഇല്ലാത്ത മരണമാണ് ആഗ്രഹിക്കുന്നത്. അച്ഛന് ജോലി കിട്ടിയതും എന്റെ ജനനവും ഒരു ദിവസമായതു കൊണ്ടാകാം ഭാഗ്യ എന്ന് പേരിട്ടത്. പക്ഷേ പിന്നീടങ്ങോട്ട് ദൗർഭാഗ്യം മാത്രമേ കൂട്ടിനുണ്ടായുള്ളൂ. മരണത്തിലെങ്കിലും ഭാഗ്യം തുണച്ചിരുന്നെങ്കിൽ... ചിന്തിച്ചിരിക്കാൻ സമയമില്ല. ഇപ്പോൾ തന്നെ കൈകൾ വിറയ്ക്കുന്നുണ്ട്. ഭീരുവാകാൻ പാടില്ല, മനസിനെ കഠിനപ്പെടുത്തണം. ഇഷ്ടമുള്ളവരുടെ മുഖങ്ങൾ മനസിൽ തെളിയാൻ പാടില്ല. ഒരക്ഷരം പോലും മുന്നോട്ട് നീങ്ങാത്ത ആത്മഹത്യാകുറിപ്പിൽ മഷി പടരുന്നു. ഉത്രയുടെ മുഖം... പ്രിയ സഹോദരി, ഭർത്താവ് പാമ്പിനെ കൊണ്ടും പട്ടിയെ കൊണ്ടും കടിപ്പിച്ച് കൊല്ലുന്നതും കാത്ത് നിൽക്കാൻ ഞാനില്ല, അയാളെ വെറുതെ കൊലപാതകിയാക്കാൻ വയ്യ... അതുകൊണ്ട് ഞാൻ തന്നെ മരണം തിരഞ്ഞെടുത്തു. നമുക്ക് വൈകാതെ കാണാൻ കഴിയുമെന്ന് തോന്നുന്നു. മരണത്തിലും ഭർത്താവിന്റെ സുഖവും സന്തോഷവും ആഗ്രഹിക്കുന്ന ഭാര്യ ഉണ്ടാകും. ഭർത്താവ് ഉണ്ടാകുമോ...? പക്ഷേ നിങ്ങളുടെ ജീവിതം വെറും ജയിലിൽ ഒടുങ്ങിതീരേണ്ടതല്ല. ഈ ലോകവും ഒരു ജയിലാണ്. ചിന്ത വ്യതിചലിക്കുന്നു. പേപ്പറിൽ പേന ഒന്നുകൂടെ അമർത്തി. ഇഷ്ടത്തോടെയല്ലെങ്കിലും ഇന്ന് നിങ്ങളെന്റെ ഭർത്താവാണ്. എന്റെ കുഞ്ഞ്... അവൾ ഇപ്പോ എന്നെ കാണാതെ കരയുകയായിരിക്കുമോ... ഇനിയൊരു മുഖവും എന്നെ പിന്തിരിപ്പിക്കില്ല. അരികിലിരുന്ന ബാഗിൽ നിന്നും പുറത്തെടുത്ത മിനുസമുള്ള പ്ലാസ്റ്റിക് ചരടിൽ ഒന്ന് തലോടിയിട്ട് അവൾ എഴുതി തുടങ്ങി... ഞാൻ ഭാഗ്യ...
ഓർമ്മകൾ
പേന ചലിച്ചു തുടങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ ഒരു ഭാണ്ഡക്കെട്ട് ഓർമ്മകളായി ഉതിർന്നു വീണു. ഓർമ്മ വച്ച കാലം മുതൽ ആഗ്രഹങ്ങളെ തിരസ്കരിച്ചുള്ള ജീവിതം. പെണ്ണായതു കൊണ്ടു മാത്രം ഉള്ളിലൊളിപ്പിക്കേണ്ടി വന്നവ. നാളെ എല്ലാം പരസ്യമാവുകയാണ്. "എന്റെ ആത്മാവിന് ഈ ഓർമ്മകൾ ചുമക്കാൻ വയ്യ. ശരീരത്തോടൊപ്പം അവയും ഇവിടെ ഞാൻ ഉപേക്ഷിക്കുകയാണ്. ഇഷ്ടപ്പെട്ട ഭക്ഷണം, വസ്ത്രം, ഒടുവിൽ ഇഷ്ടപ്പെട്ട പുരുഷനും. എവിടെയും അവഗണന മാത്രം. വീട്ടിലും നാട്ടിലും പിന്നെ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിസ്ഥലത്തും... നിന്നെക്കൊണ്ട് ഒന്നിനും പറ്റില്ല... മാറി നിൽക്ക്... നീ ശരിയാവില്ല... അയാളെ കണ്ടു പഠിക്ക്.""
എന്നെ വേട്ടയാടിയ വാക്കുകൾ ഇപ്പോഴും നോവിക്കുന്നു. വീട്ടുകാർക്ക് വേണ്ടി ഇഷ്ടപുരുഷനെ ത്യജിച്ച് വീട്ടുകാരുടെ ഇഷ്ടത്തിന് തല നീട്ടിയപ്പോഴോ... അവിടെയും മനസിനായിരുന്നു തോൽവി. ഞാനറിയാതെ ഏതോ ഒരു നിമിഷത്തിൽ എന്റെ ഗർഭപാത്രത്തിൽ ഉരുവായ എന്റെ മകൾ. എന്നും അങ്ങനെയായിരുന്നു... ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.
എല്ലാം എന്നിൽ നിന്നും അകന്നുപോയതും ഞാൻ അറിഞ്ഞില്ല. എല്ലാ പുഴകളും എന്നിലേക്ക് ഒഴുകി എത്തുകയായിരുന്നു.. അവയെല്ലാം തീരം തഴുകി ഏതോ മഹാസമുദ്രത്തിൽ അലിഞ്ഞു ചേർന്നു. എന്നിലേക്ക് എത്തിയ ഒന്നിനെയും എനിക്ക് തടയാൻ കഴിയുമായിരുന്നില്ല. വിട്ടുപോയവയേയും... പ്രണയം, അതിങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ സ്പർശനം ഏൽക്കുക തന്നെ പുണ്യമാണ്.
ശരീരത്തിനു വേണ്ടിയുള്ളതാണോ പ്രണയം? അതോ പ്രണയത്തിനു വേണ്ടിയുള്ളതാണോ ശരീരം? രണ്ട് ചോദ്യങ്ങളും സ്ത്രീ പുരുഷ ചിന്തകളിൽ വ്യത്യസ്തമാണെങ്കിലും രണ്ടിന്റെയും അർത്ഥം കൂടുതൽ മനസിലാകുക എന്നെപ്പോലൊരു സ്ത്രീക്കായിരിക്കും. സമയം അധികമില്ല. ഇപ്പോൾ അയാൾ പൊലീസിൽ വെറുതെയാണെങ്കിലും പരാതിപ്പെട്ടിരിക്കും. അവർ മൊബൈൽ ട്രെയ്സ് ചെയ്ത് ഇവിടെ എത്തും മുൻപ് എല്ലാം അവസാനിപ്പിക്കണം...
ആരോടും പരിഭവമില്ല, സ്നേഹിച്ചവരോടും സ്നേഹം അഭിനയിച്ചവരോടും എല്ലാവരോടും സ്നേഹം മാത്രം... ഇത് എന്റെ മാത്രം തീരുമാനമാണ്... മറ്റാർക്കും എന്റെ മരണത്തിൽ പങ്കില്ല... ജീവിതം ആസ്വദിക്കാത്ത എനിക്ക് മരണമെങ്കിലും ആസ്വദിക്കണം... "
- സ്നേഹത്തോടെ,
ദൗർഭാഗ്യ
പേപ്പർ മടക്കി ബാഗിൽ ഭദ്രമായി വച്ചു. മൊബൈൽ ഫോൺ ഓണായി ഇരിക്കട്ടേ... ഈ കാട്ടിനുള്ളിൽ എന്റെ ശരീരം കൂടുതൽ നേരം തൂങ്ങിയാടേണ്ട. ദ്രവിച്ച് തുടങ്ങിയ ജനൽക്കമ്പികളിൽ തൂങ്ങിയാടിയ ശരീരം അവർ താഴെ ഇറക്കുമ്പോൾ അവൾ ദൂരെ മാറി നിന്ന് ചിരിക്കുകയായിരുന്നു.
ചിത്രവധം
ഇനി ആ ശരീരം എനിക്ക് സ്വന്തമല്ല... ആത്മാവ് സ്വതന്ത്രമായ മൃതദേഹം എനിക്ക് അധികാരമില്ലല്ലോ. ആരൊക്കെയോ ചേർന്ന് അത് ആംബുലൻസിലേക്ക് മാറ്റുകയാണ്. മരവിച്ച ശരീരം. കറുത്തു തുടങ്ങിയ ചുണ്ടുകൾ. ഇത് ഞാൻ തന്നെയാണോ? മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആംബുലൻസ് പാഞ്ഞു.. ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത്. മരിച്ചു പോയ എന്നെ ഒരിക്കൽ കൂടെ കൊല്ലാനുള്ള ശ്രമമാണ്. അപ്പോഴേക്കും ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ് വന്നിരുന്നു. ബ്ലോഗ് എഴുത്തിലൂടെ യുവഹൃദയങ്ങൾ കീഴടക്കിയ ഭാഗ്യ ആത്മഹത്യ ചെയ്തു. പിന്നെയൊരു ആഘോഷമായിരുന്നു. കാര്യകാരണങ്ങൾ നിരത്തിയുള്ള ചിത്രവധം. എവിടെ എപ്പോൾ എങ്ങനെ എന്തിന് ചെയ്തു? വീട്ടിൽ നിന്നും മോർച്ചറിയിൽ നിന്നുമെല്ലാം റിപ്പോർട്ടർമാരുടെ ചർച്ച, വിശകലനം... ബന്ധുക്കളുടെയും അയൽവാസികളുടെയും കമന്ററികൾ, ഊഹാപോഹങ്ങൾ...
എന്നെ ഏറ്റവും വിഷമിപ്പിച്ചത് അയാളുടെ വാക്കുകളായിരുന്നു.
''അവൾ എന്തിന് ഇത് ചെയ്തു? എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലായിരുന്നു.""
സത്യമാണ്... ശരിക്കും എനിക്കായിരുന്നില്ല പ്രശ്നം.. മറ്റാർക്കൊക്കെയോ ആയിരുന്നു.
ഇതാ ഭാഗ്യയുടെ ആത്മഹത്യാ കുറിപ്പ് ഞങ്ങൾ പുറത്തുവിടുന്നു... ഒരു ചാനലിന്റെ പവർ ബ്രേക്കിംഗ്. ചാനലുകളിലും പത്ര ഓഫീസുകളിലും ചർച്ചകൾ കൊടുമ്പിരികൊള്ളുന്നു.
രാത്രിയുള്ള എട്ടു മണി ചർച്ചയിൽ ആത്മഹത്യയുടെ ചുരുളഴിക്കാനുള്ള ശ്രമങ്ങൾ ചാനലുകളും തുടർന്നു. വരികൾക്കിടയിൽ നിന്നും ബന്ധങ്ങളും ബന്ധനങ്ങളും സൃഷ്ടിക്കപ്പെട്ടു. പ്രണയബന്ധം, പ്രണയത്തകർച്ച, എത്ര കാമുകന്മാർ...? ചർച്ചകൾ അവസാനിക്കുന്നില്ല. എഡിറ്റിംഗ് ടേബിളിൽ അക്ഷരങ്ങൾ കീറി മുറിച്ച് എരിവും പുളിയും തുന്നിച്ചേർക്കുമ്പോൾ പോസ്റ്റുമോർട്ടം ടേബിളിൽ കത്തികൾ ഏതോ കഥ ചികയുകയായിരുന്നു. ഇനി ശാരീരിക രഹസ്യങ്ങളില്ല. എല്ലാം പരസ്യമാണ്. കാണാൻ കൊതിച്ചവർക്ക് തൊടാൻ കൈകൾ നീട്ടിയവർക്ക് ഇനി നിബന്ധനകളില്ല. ആത്മാവ് വിട്ടൊഴിഞ്ഞ ശരീരം നിങ്ങളെ കാത്തിരിക്കുന്നു. കഴുകന്റെ കണ്ണുകൾക്കും കാക്ക കണ്ണുകൾക്കും ഇനി ആവോളം കാണാം. കൊത്തിവലിച്ച് ആവോളം ഭക്ഷിക്കാം. ഇതാ എന്റെ ശരീരം.
ജനിച്ചതു പോലെ തിരികെ പോവുകയാണ്. യാന്ത്രികമായ അനുശോചന സന്ദേശങ്ങൾ. ചിരി പടർത്തുന്ന കണ്ണീർക്കണങ്ങൾ. ഇനി വീട്ടിലേക്കുള്ള യാത്രയാണ്. ഒരു കുഞ്ഞിനെ ഒരുക്കുന്നത് അമ്മയുടെ ഇഷ്ടത്തിനനുസരിച്ചാണ്. ഒരിക്കൽ കൂടി കുഞ്ഞായി മാറിയിരിക്കുന്നു. മറ്റാരോ ഉടുപ്പിച്ച വസ്ത്രവും മുഖത്ത് പൂശിയ ഛായക്കൂട്ടുമായി മണ്ണിലേക്ക് ഒരു മടക്കയാത്ര. എവിടെ തുടങ്ങിയെന്നോ എവിടെ അവസാനിച്ചെന്നോ അറിയില്ല. തുടരാത്ത തുടർക്കഥ പോലെ.
നിശ്ചല യാത്ര
ആംബുലൻസിൽ നിന്നും ശരീരമിറക്കുമ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് ആദ്യം ഓടിവന്നത് അമ്മയായിരുന്നു. കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് ഒരു അണ കെട്ടി നിർത്തി. ആശ്വസിപ്പിക്കാൻ കഴിയാതെ എന്റെ ആത്മാവ് നീറി. ഇനി ശരീരത്തിലേക്ക് തിരിച്ചൊരു മടക്കമില്ല. കുറേ കരഞ്ഞപ്പോൾ തളർന്നു വീണ അമ്മയെ ആരൊക്കെയോ താങ്ങി കസേരയിൽ ഇരുത്തി. ചോറുണ്ണാതെ, പഠിക്കാതെ, കുറുമ്പ് കാണിച്ച് എത്രയോ തവണ ഞാൻ അമ്മയെ കരയിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ ഒരിക്കൽ കൂടി അവസാനമായി.. ആരൊക്കെയോ കാണാൻ വരുന്നു. എനിക്കറിവില്ലാത്തവർ പോലും ദുഃഖം അഭിനയിക്കുന്നു. കാലിലെ ചെരിപ്പഴിച്ച് വ്യസനപൂർവം പൂക്കളർപ്പിച്ച് നിൽക്കുന്നവർ കുറച്ച് കഴിഞ്ഞ് അപ്പുറം മാറി നിന്ന് അട്ടഹാസവും ബഹളവും.
മരണവീട് അങ്ങനെയാണല്ലോ. രാഷ്ട്രീയവും മതവും ജാതിയും മാത്രമല്ല ലോകത്ത് കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവങ്ങൾ വരെ ചർച്ച ചെയ്യുന്നിടം. നെഞ്ചിൽ പുഷ്പചക്രങ്ങളുടെ ഭാരം കൂടി വരികയാണ്. ശ്വാസം വിടാൻ തന്നെ കഴിയുന്നില്ല. പൂക്കളെ പോലെ എപ്പോഴോ വിടർന്ന് ആർക്കൊക്കെയോ മണം പകർന്ന്, ഒടുവിൽ സമ്മതമില്ലാതെ തേൻ നുകർന്ന്... വയ്യ, ഒന്നും ഓർക്കാൻ വയ്യ. സൗന്ദര്യമുള്ളവ അനുവാദമില്ലാതെ സ്വന്തമാക്കപ്പെടാം... അങ്ങനൊരുവളുടെ ശരീരമാണത്.
ശരീരത്തിനരികിൽ തിക്കിത്തിരക്കുന്നവരുടെ ഇടയിലൂടെ ഞാൻ അയാളുടെ മുഖം കണ്ടു. അയാളുടെ കണ്ണുകൾ അവിടെ എത്തിയ സുന്ദരിമാരുടെ കണ്ണുകളിൽ തിരഞ്ഞ് നടക്കുകയായിരുന്നു. സന്ദർഭവും സാഹചര്യവും നോക്കാത്ത വികാരങ്ങളുടെ തള്ളിക്കയറ്റം... അയാളെ കുറ്റപ്പെടുത്താനില്ല... അയാൾ സ്ത്രീയല്ലല്ലോ... പ്രണയിക്കാതെ പ്രാപിക്കാൻ മാത്രം അറിയാവുന്ന പ്രാപ്പിടിയനാണ് അയാൾ.
മകൾ... അമ്മ...അച്ഛൻ എല്ലാവരും എന്നിൽ നിന്നും കാണാമറയത്താണ്. അപ്പോഴാണ് കാണാൻ കൊതിച്ചിരുന്ന ആ രണ്ട് കണ്ണുകൾ ഞാൻ കാണുന്നത്. വർഷങ്ങൾക്ക് ശേഷം. ശരീരം പോലും കാണാൻ കൂട്ടാക്കാതെ ഒരു മരച്ചുവട്ടിൽ.. അതേ, പണ്ട് തനിക്ക് ചാമ്പങ്ങ പറിച്ചു നൽകാറുണ്ടാരുന്ന ആ മരച്ചുവട്ടിൽ തനിയേ അയാൾ... ശരീരത്തെയല്ല, മനസിനെ പ്രണയിച്ച മാന്ത്രികൻ. എന്റെ ആത്മാവ് കണ്ടെത്തിയവൻ !