
അപ്പോൾ! ആ ചെറിയ ഓടിട്ട വീട്ടിൽ രണ്ട് പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സന്ധ്യയോടടുക്കുന്ന നേരത്ത് ചാറ്റൽ മഴ തുടങ്ങി. പിന്നെ ശക്തിയായി പെയ്യാൻ തുടങ്ങിഅപ്പോഴാണ് ആ വീടിന്റെ ഉമ്മറത്തേക്ക്, മഴ നനയിച്ച വസ്ത്രങ്ങളിട്ട ഒരു ചെറുപ്പക്കാരൻ ഓടി കയറിയത്. പെൺകുട്ടികൾ അകത്തു നിന്നും ഉമ്മറത്തേക്ക് വന്നു. മഴ കൊണ്ട തലയും മുഖവും അയാൾ കൈകൾ കൊണ്ട് തുടച്ചു, അയാൾ പെൺകുട്ടികളെ പാളി നോക്കി. അവരുടെ മുഖത്ത് നേർത്ത ഭയമുണ്ടായിരുന്നു. അവരിൽ നിന്നും കണ്ണെടുത്ത് അയാൾ പുറത്തെ മഴയിലേക്ക് നോക്കി നിന്നു. ചെറുപ്പക്കാരൻ ഒന്നും പറഞ്ഞില്ല. പെൺകുട്ടികൾ ഒന്നും ചോദിച്ചതുമില്ല.
അയാൾ ഇടയ്ക്കിടെ അവരെ സൂക്ഷിച്ച് നോക്കി കൊണ്ടിരുന്നു. ചെറുപ്പക്കാരന്റെ മൗനവും നോട്ടവുംപെൺകുട്ടികൾക്ക് പേടി തോന്നി.ഓടിന്റെ പാത്തികളിലൂടെ ഒലിച്ചിറങ്ങി വീഴുന്ന മഴനാരുകൾ അയാൾ കൈയ്യിലാക്കി സമയം പോക്കി. ഇടക്കിടെ പുഞ്ചിരിക്കാതെ പെൺകുട്ടികളെ നോക്കി. അവരിൽ ഭയം വർദ്ധിച്ചു. ഏതു നിമിഷവും ഒരു വേട്ടമൃഗത്തെപ്പോലെ തങ്ങളിലേക്ക് ചാടി വീഴും. ഇരുവരും അങ്ങനെ ഉറപ്പാക്കി.അകത്തേക്ക് കയറി വാതിലടക്കുന്നത് അപകടമാണ്. അയാൾ വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടക്കും. പുറത്തെ മഴയിലേക്കോടി രക്ഷപ്പെടാൻ അതിനേക്കാൾ എളുപ്പമാണ്.ഒച്ച വച്ചാൽ ഏതെങ്കിലും വഴി പോക്കർ ഓടിയെത്തും. ഒരു പക്ഷേ ആ ശബ്ദം വെറുതെയായാലോ! അത് കൂടുതൽ അപകടമാണ്.ഉമ്മറത്ത് തന്നെ നിൽക്കുന്നതാണ് നല്ലത്. അവരുടെ തീരുമാനം അങ്ങിനെയെന്ന് അവർ ശരിവെച്ചു.മഴ നിൽക്കുന്ന ലക്ഷണമുണ്ടായിരുന്നില്ല. ശക്തിയോടു കൂടിയ ഒരു ഇടിയും, മിന്നലുംഅയാൾ തികഞ്ഞ അധികാരത്തോടെ ഉമ്മറത്തെ മരക്കസേരയിൽ ഇരുന്നു. മഴ കനക്കുകയാണ് പുറത്തു നിന്നും വീശിയ കാറ്റിലെ തണുപ്പ് പെൺകുട്ടികളുടെ ശരീരത്തിൽ ഇരച്ചു കയറി. അവരുടെ ദേഹം മുഴുവൻ ചുട്ടുപൊള്ളുകയായിരുന്നു അസഹ്യമായ ചൂടിൽ മനസും ശരീരവും വേവുന്നതു പോലെ തോന്നി.ഇയാൾ എന്തൊരു നെറികെട്ട മനുഷ്യനാണ്. ഒരു ചോദ്യവുമില്ലാതെ അധികാരത്തോടെ എന്തൊക്കയോ ചെയ്യുന്നു.അവർക്കും ചോദിക്കാൻ ഭയം തോന്നി.
''നിന്നു കാൽ കുഴയേണ്ടാ. ഇവിടെയിരുന്നോളൂ.""
അയാളുടെ തൊട്ടരികിലുള്ള പഴയ ബെഞ്ച് ചൂണ്ടി കൊണ്ട് പറഞ്ഞു. പെൺകുട്ടികളുടെ ഭയം വർദ്ധിച്ചു.അധികാര സ്വരത്തിൽ ഇയാൾ എന്താണ് ഇങ്ങനെ പറയുന്നത്!? ഭയം പതിയെ ദേഷ്യമായി മാറി വരട്ടെ കാണിച്ചു കൊടുക്കാം എന്ന മട്ടായി.അവർ അയാളെ തറപ്പിച്ച് നോക്കി. അയാൾ പെൺകുട്ടികളിൽ നിന്നും കണ്ണ് വെട്ടിച്ച് മുകളിലേക്ക് നോക്കി.കള്ളന്റെ സ്വഭാവമാണ് അത്. അടുത്തു കൂടാൻ നോക്കുകയാണ് അയാൾ.മറുപടി അവർ മനഃപൂർവ്വം പറഞ്ഞില്ല.''അകത്തേക്ക് പൊയ്ക്കോളൂ ഇവിടെയിങ്ങനെ നിൽക്കണ്ട.""
ചെറുപ്പക്കാരൻ വാക്കുകൾ തുടർന്നുകൊണ്ടിരുന്നു.പെൺകുട്ടികൾ ധൈര്യം സംഭരിച്ചു കൊണ്ട് അവിടെ തന്നെ നിന്നു.വരട്ടെ കാണിച്ചു കൊടുക്കാം എന്ന ധൈര്യം കൂടി.മഴക്ക് വീണ്ടും ശക്തി കൂടി ഇരുട്ട് പടർന്നു തുടങ്ങി.ഇയാൾക്ക് പൊയ്ക്കൂടെ. രണ്ട് പെൺകുട്ടികൾ മാത്രറമുള്ള ഈ വീട്ടിൽ...ഇയാളെന്തു മനുഷ്യനാണ്.ആദ്യം അരികിലെ ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു പിന്നെ അകത്തേക്ക് പോകാൻ. അടുത്ത ചോദ്യം എന്തായിരിക്കുമെന്നോർത്ത് പെൺകുട്ടികൾ ഭയന്നു. മഴയത്ത് ഇറങ്ങി ഓടാം അവർ ആദ്യം അങ്ങനെ ഉറപ്പിച്ചു.വേണ്ട അതൊരു തോറ്റു കൊടുക്കലായിരിക്കും.
''എന്റെ അരികിലേക്ക് ചേർന്നു നിന്നോളൂ.""
അയാൾ വീണ്ടും തുടർന്നുപെൺകുട്ടികൾ രോഷത്തോടെ അയാളെ നോക്കിചെറുപ്പക്കാരന് വന്നപ്പോഴുള്ള അതേ ഭാവം. യാതൊരു മാറ്റവുമില്ല ഇറങ്ങി പോകാൻ പറഞ്ഞാലോ. വേണ്ട അത് ചിലപ്പോൾ അയാളുടെ വാശി കൂട്ടും. അയാൾ ഇടയ്ക്കിടെ അവരെ നോക്കി കൊണ്ടിരിക്കുമ്പോൾ പെൺകുട്ടികളിൽ അമർഷം ഉയർന്നു വന്നു. ആ മുഖഭാവം ശ്രദ്ധയിൽ പെട്ട അയാൾ നോട്ടം വെട്ടിച്ച് മുകളിലെ ഉത്തരത്തിലേക്ക് നോക്കി.
''എന്റെ അടുത്തേക്ക് നീങ്ങി നിന്നോളൂ. അല്ലെങ്കിൽ അകത്തേക്ക് പൊയ്ക്കോളൂ.""
അവരെ നോക്കി അയാൾ കിതച്ചു. ഇത് ചെറുപ്പക്കാരൻ പല തവണ ആവർത്തിച്ചു.പെൺകുട്ടികൾ ധൈര്യം സംഭരിച്ചു കൊണ്ട് അനങ്ങാതെ നിന്നു. അയാൾ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നീങ്ങി. പെൺകുട്ടികൾ ധൈര്യം കൈവിടാതെ പിറകോട്ട് മാറാതെ നിന്നു.ചെറുപ്പക്കാരൻ അവരിലേക്ക് ഓടിയടുത്തു. അവരുടെ തോൾ പിടിച്ച് അകത്തേക്ക് തള്ളി. സംഭരിച്ച ധൈര്യമെല്ലാം ഒരു നിമിഷം കൊണ്ട് ചോർന്നു പോയ പെൺകുട്ടികൾ വലിയ ശബ്ദത്തോടെ നിലവിളിച്ചു.
നിലവിളികളിൽ അവർ ആ കാഴ്ച കണ്ട് അന്തം വിട്ടു. അവർ നിന്നിടത്തേക്ക് മഴയിൽ കുതിർന്ന് ദ്റവിച്ച ഉത്തരവും ഓടുകളും അടർന്നു വീഴുന്നു. അത് നിലത്ത് തട്ടി തെറിക്കും മുമ്പേ അയാൾ പുറത്തേക്ക് തട്ടിമാറ്റി. കൈ മുറിഞ്ഞ് ചോര ചിതറി. പെൺകുട്ടികൾ അലിവോടെ ചെറുപ്പക്കാരനെ നോക്കി. അവർ മുറിക്കുള്ളിൽ നിന്ന് അയാളുടെ അടുത്തേക്ക് ഓടി വന്നു. ചെറുപ്പക്കാരൻ പിറകോട്ട് മാറി. പുറത്ത് തിമർത്തു പെയ്യുന്ന മഴയിലേക്ക് ഇറങ്ങി നടന്നു. മഴ ചോരയുള്ള അയാളുടെ കൈ നനച്ചു. വിരലുകളിലൂടെ ചോര ഒലിച്ചിറങ്ങുന്ന കൈകൾ തൂക്കി ചെറുപ്പക്കാരൻ മഴയിൽ നടത്തം തുടർന്നു. പെൺകുട്ടികൾ അന്തംവിട്ടുഅയാൾ ആരാണ്...?ഏതായാലും മൃഗമല്ല, നന്മയുള്ള ഒരു പച്ച മനുഷ്യൻ.അവർക്ക് അപ്പോൾ തോന്നിയത് അങ്ങനെയാണ്.അപ്പോൾ! ആ ചെറിയ ഓടിട്ട വീട്ടിൽ രണ്ട് പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.