
ദേശീയചലച്ചിത്ര പുരസ്‌കാരങ്ങളിൽ മലയാള സിനിമ കൈവരിച്ച നേട്ടം തികച്ചും അഭിമാനാർഹമാണ്. പ്രത്യേകിച്ചും കൊവിഡ് മഹാമാരിയിൽ നിന്നും ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന വേളയിൽ ലഭിച്ച ഈ സുവർണ നേട്ടം ചലച്ചിത്ര പ്രവർത്തകർക്കു മാത്രമല്ല ചലച്ചിത്ര മേഖലയ്ക്കാകെ ഉത്തേജനമാകുമെന്നതിൽ സംശയമില്ല. മറ്റു ഭാഷകളിൽ നിന്നു നേടിയ രണ്ട് പുരസ്‌കാരം ഉൾപ്പെടെ ആകെ 13 പുരസ്‌കാരങ്ങളാണ് മലയാളികളായ ചലച്ചിത്ര പ്രവർത്തകർ കരസ്ഥമാക്കിയത്.
പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം മികച്ച സിനിമയ്ക്കുൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ നേടി. മോഹൻലാൽ മുഖ്യ കഥാപാത്രമാകുന്ന ഈ സിനിമ ധീര യോദ്ധാവ് കുഞ്ഞാലി മരക്കാറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥിന് ഈ ചിത്രത്തിലൂടെ സ്പെഷ്യൽ ഇഫക്ട്സിനുള്ള പുരസ്‌കാരവും ലഭിച്ചു. മകനോടൊപ്പം പുരസ്‌കാരം വാങ്ങാൻ കഴിയുന്നത് പ്രിയദർശൻ എന്ന സംവിധായകന്റെ ചലച്ചിത്ര ജീവിതത്തിലെ അസുലഭ മുഹൂർത്തമായി കാണാം. മരക്കാറിലെ വസ്ത്രാലങ്കാരത്തിന് സുജിത്ത് സുധാകർ , വി.സായ് എന്നിവരും പുരസ്‌കാരം പങ്കിട്ടു.
തിളക്കമേറുന്ന മറ്റൊരു പുരസ്‌കാരം ഗാനരചനയ്ക്ക് കവി പ്രഭാവർമ്മയ്ക്ക് ലഭിച്ച അംഗീകാരമാണ്. കോളാമ്പി എന്ന ചിത്രത്തിൽ അദ്ദേഹം എഴുതിയ ആരോടും പറയുക വയ്യ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം രണ്ട് പതിറ്റാണ്ടിനു ശേഷം മലയാളത്തിലേക്ക് വന്നിരിക്കുകയാണ്. നേരത്തെ വയലാറിനും ഒ.എൻ.വിക്കും യൂസഫലി കേച്ചേരിക്കും മാത്രം ലഭിച്ച ഈ പുരസ്കാരം പ്രഭാവർമ്മയിലൂടെ വീണ്ടുമെത്തുമ്പോൾ മലയാള ഭാഷയ്ക്ക് ലഭിച്ച ബഹുമതിയായി കൂടി അതിനെ കാണാം.
കള്ളനോട്ടത്തിലൂടെ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ രാഹുൽ റിജി നായർ,ബിരിയാണിയിലൂടെ പ്രത്യേക പരാമർശം നേടിയ സജിൻബാബു , ഹെലൻ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം കരസ്ഥമാക്കിയ മാത്തുക്കുട്ടി സേവ്യർ, ജല്ലിക്കട്ടിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് നേടിയ ഗിരീഷ് ഗംഗാധരൻ എന്നീ ചെറുപ്പക്കാർ മലയാള സിനിമയുടെ ഭാവി ശോഭനമാണെന്ന പ്രതീക്ഷ പകരുന്നു.
കഥേതര വിഭാഗത്തിലും മലയാളത്തിനു മികവ് പുലർത്താനായി. മികച്ച കുടുബ മൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ഒരു പാതിരാ സ്വപ്നം പോലെ എന്ന ചിത്രമായിരുന്നു. സ്മാൾ സ്കെയിൽ സൊസൈറ്റീസ് എന്ന ഇംഗ്ളീഷ് ചിത്രത്തിലൂടെ ഈ വിഭാഗത്തിൽ വിപിൻ വിജയ് പ്രത്യേക പരാമർശവും നേടി.
ഓസ്‌കാർ നേടി മലയാളത്തിന്റെ യശസ് ഉയർത്തിയ റസൂൽ പൂക്കുട്ടി ഒത്ത സെരുപ്പ് സൈസ് -7 എന്ന തമിഴ് ചിത്രത്തിലൂടെ റീ റെക്കോഡിംഗിനു നേടിയ പുരസ്കാരവും പണിയ ഭാഷയിലുള്ള മികച്ച ചിത്രത്തിന് കെഞ്ചിറയിലൂടെ മനോജ് കാന നേടിയ പുരസ്കാരവും മലയാളികൾക്കുള്ള ബഹുമതി തന്നെ.
ലോക സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിൽ ബോളിവുഡിനാ
ണ് ആധിപത്യമെങ്കിലും മികവിന്റെ കാര്യത്തിൽ എന്നും മുന്നിൽ നിൽക്കാൻ മലയാളത്തിന് കഴിയുമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഇത്തവണത്തെ അംഗീകാരങ്ങൾ. പുരസ്‌കാരം നേടിയ എല്ലാ ചലച്ചിത്രപ്രതിഭകളെയും ഞങ്ങൾ ഹാർദ്ദമായി അഭിനന്ദിക്കുന്നു..
അത്രയെങ്കിലും ആശ്വാസം
കൊവിഡ് കാലത്ത് വായ്പാ തിരിച്ചടവിന് ഏർപ്പെടുത്തിയിരുന്ന മോറട്ടോറിയം തുടരാൻ ധനകാര്യ സ്ഥാപനങ്ങളെ നിർബന്ധിക്കാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവ് വായ്‌പക്കാരിൽ നല്ലൊരു ശതമാനത്തെ നിരാശരാക്കുമെങ്കിലും ബാങ്കുകളുടെയും മറ്റും നിലനില്പിന് ഏറെ ഗുണകരമാണത്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്നാണ് കടുത്ത സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ധനകാര്യ സ്ഥാപനങ്ങൾ വായ്പകളുടെ തിരിച്ചടവ് മരവിപ്പിച്ചത്. ആഗസ്റ്റ് വരെയാണ് ഇതിനു കാലയളവ് നിശ്ചയിച്ചിരുന്നത്. തിരിച്ചടവിന് സാവകാശം ലഭിച്ചതിലുണ്ടായ ആശ്വാസം അധികം നീണ്ടുനിന്നില്ല. മോറട്ടോറിയം കാലത്തും വായ്പകളിന്മേലുള്ള പലിശ കൂട്ടുപലിശയായും പിഴപ്പലിശയായും ഉയർന്നുകൊണ്ടേയിരുന്നു. ഇങ്ങനെ കൂട്ടുപലിശയും പിഴപ്പലിശയും ഈടാക്കിയ സ്ഥാപനങ്ങൾ അത് തിരികെ നൽകാനാണ് പരമോന്നത കോടതി കല്പിച്ചിരിക്കുന്നത്. മോറട്ടോറിയം പ്രാബല്യത്തിലിരുന്ന ആറുമാസക്കാലത്ത് വായ്പകൾക്ക് മുൻ നിശ്ചയിച്ച പ്രകാരമുള്ള പലിശയല്ലാതെ കൂടുതലായി ഒരു പൈസ പോലും ഈടാക്കരുതെന്നാണ് നിർദ്ദേശം. മോറട്ടോറിയം കാലത്തെ പലിശ മാസ ഗഡുവിൽ ചേർത്ത് തിരിച്ചടവ് അതിൻ പ്രകാരം പുനഃക്രമീകരിക്കാമെന്നാണ് കോടതി തീർപ്പ്. ഇതോടൊപ്പം തന്നെ ബാങ്കുകൾക്കും ആശ്വാസം നൽകുന്ന തീരുമാനവുമുണ്ട്. തിരിച്ചടവ് കുടിശികയായി തുടരുന്ന പക്ഷം അത് ഈടാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് നിയമ നടപടികളുമായി നീങ്ങാമെന്നാണ് ഉത്തരവിൽ പറയുന്നത്. മോറട്ടോറിയം കാലാവധി കഴിഞ്ഞിട്ടും വായ്പ തിരിച്ചടയ്ക്കാൻ കൂട്ടാക്കാത്തവർ ധാരാളമുണ്ട്. ഇപ്പോഴും തുടരുന്ന കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് എന്തെങ്കിലും ഇളവ് സർക്കാർ പ്രഖ്യാപിക്കുമോ എന്നു പ്രതീക്ഷിച്ചു കഴിയുന്നവരാണ് തിരിച്ചടവിൽ വിമുഖത പുലർത്തുന്നത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വായ്പകൾ തിരിച്ചടയ്ക്കാൻ കൂട്ടാക്കാത്തവർ വെട്ടിലാകും. കിട്ടാക്കടമായി മാറുന്ന വായ്പകൾ തിരിച്ചുപിടിക്കാൻ നടപടികളുമായി ബാങ്കുകൾക്ക് ഇനി മുന്നോട്ടുപോകാം. രാജ്യത്തെ ബാങ്കുകൾക്ക് ഇപ്പോൾത്തന്നെ ഏഴര ലക്ഷം കോടിയോളം രൂപ കിട്ടാക്കടമായുണ്ട്. മോറട്ടോറിയം വായ്പകൾ കൂടി ചേർക്കുകയാണെങ്കിൽ ഇത് 8.7 ലക്ഷം കോടിയായി ഉയരും. ബാങ്കുകളുടെ ആരോഗ്യകരമായ നിലനില്പിനെത്തന്നെ ബാധിക്കുന്നതാണത്. മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഒരുകൂട്ടം ഹർജികൾ നിരാകരിച്ചുകൊണ്ടു പുറപ്പെടുവിച്ച വിധിന്യായത്തിൽ പരമോന്നത കോടതി ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ജനസമ്മതി നേടാനുള്ള കുറുക്കുവഴിയായി മോറട്ടോറിയം ഉപയോഗപ്പെടുത്തുന്ന പ്രവണത രാജ്യത്ത് നിലനിൽക്കുന്നുണ്ട്. വായ്പകൾ എഴുതിത്തള്ളുന്നതും അതിന്റെ ഭാഗമാണ്. രാഷ്ട്രീയ ഇടപെടലുകൾ വഴി വൻകിടക്കാർ അതിഭീമമായ തോതിൽ വായ്പകൾ തരപ്പെടുത്തുന്നത് പണ്ടുമുതലേയുള്ള ഏർപ്പാടാണ്. സമീപകാലത്ത് ഇത്തരത്തിൽ ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ വൻ വ്യവസായികൾ സസുഖം വിദേശങ്ങളിൽ വിലസുകയാണ്. അവരെ മടക്കിക്കൊണ്ടുവരാൻ തന്നെ സർക്കാരിന് വലിയ ചെലവു വഹിക്കേണ്ടി വരാറുണ്ട്. കൊവിഡ് കാലത്ത് വായ്പകളിന്മേൽ ചുമത്തിയ കൂട്ടുപലിശയും പിഴപ്പലിശയുമൊക്കെയായി ബാങ്കുകൾ 14000 കോടി രൂപ ഈടാക്കാൻ ഒരുങ്ങിയതാണ്. കോടതി വിധിയോടെ അത് ഉപേക്ഷിക്കേണ്ടിവരും. വായ്പ എടുത്തവരെ സംബന്ധിച്ചിടത്തോളം അധിക പലിശ ബാദ്ധ്യത ഒഴിഞ്ഞുപോയത് ആശ്വാസം തന്നെയാണ്. പിഴപ്പലിശയും കൂട്ടുപലിശയുമൊക്കെ സാധാരണ വായ്പക്കാരെ സംബന്ധിച്ച് ദുർവഹം തന്നെയാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ അത് പിന്നീടുള്ള വായ്പകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒട്ടുമിക്കപേരും ഏതു വിധേനയും മുടക്കം വരുത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. തീരെ പറ്റാതെ വരുമ്പോഴാണ് മുടക്കം വരുന്നത്.