
തൃപ്പൂണിത്തുറ:കേരളത്തിൽ ഇത്തവണ ബി ജെ പി കൂടുതൽ സീറ്റുകൾ നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എന്നാൽ എത്ര സീറ്റ് കിട്ടുമെന്ന് പറയുന്നില്ലെന്നും ഭരണത്തുടർച്ചയെന്നത് മാദ്ധ്യമങ്ങളുടെ വിലയിരുത്തൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തുടർച്ചയെന്ന് മാദ്ധ്യമങ്ങൾ വിലയിരുത്തിയാലും ജനങ്ങൾ അങ്ങനെ വിലയിരുത്തില്ല. ശബരിമല പ്രശ്നം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കമ്മ്യൂണിസ്റ്റ് സർക്കാർ വിശ്വാസികളാേട് ക്രൂരത കാട്ടിയെന്നും അമിത്ഷാ പറഞ്ഞു. കേരള സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. 'ഇവിടെ അഴിമതി നടന്നാൽ കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടത്. അല്ലാതെ യു എൻ ഏജൻസിയാണോ?. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പങ്കില്ലേ. പ്രിൻസിപ്പൽ സെക്രട്ടറിയെ എന്തിന് പുറത്താക്കി?ഇക്കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണം'- അമിത്ഷാ ആവശ്യപ്പെട്ടു.നേരത്തേ ഒരു വാർത്താ ചാനലിനോട് സംസാരിക്കുമ്പോഴും കേരളത്തിൽ ബി ജെ പി കൂടുതൽ സീറ്റുകൾ നേടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നുരാവിലെയാണ് അമിത്ഷാ കൊച്ചിയിലെത്തിയത്. തുടർന്ന് എറണാകുളം, തൃശൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ചും ചർച്ച നടത്തി.പതിനൊന്നുമണിയോടെ തൃപ്പൂണിത്തുറയിലെ റോഡ് ഷാേയിയും തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ പൊതുയോഗത്തിലും പങ്കെടുത്തു. അമിത്ഷായെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് തൃപ്പൂണിത്തുറയിൽ നടത്തിയിരുന്നത്. കടുത്ത വെയിലിനെ അവഗണിച്ച് നൂറുകണക്കിന് എൻ ഡി എ പ്രവർത്തകരാണ് റോഡ് ഷാേയ്ക്കെത്തിയത്.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറ്റിങ്ങൽ ദേവീ ക്ഷേത്ര മൈതാനത്തെ പൊതുസമ്മേളനത്തിൽ സംസാരിക്കും. അഞ്ച് മണിയോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ട് എത്തുന്ന അമിത് ഷാ, കഞ്ചിക്കോട് മുതൽ സത്രപ്പടിവരെ റോഡ് ഷോ നയിക്കും. പാലക്കാട്ട് ഇ.ശ്രീധരനും മലമ്പുഴയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് എൻഡിഎ സ്ഥാനാർഥികൾ. പാലക്കാട്ടെ റോഡ്ഷാേയ്ക്കുശേഷം കോയമ്പത്തൂരിലേക്ക് തിരിക്കും.