
ഒരുത്തരേന്ത്യൻ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയെത്തിയതായിരുന്നു ഗോവിന്ദൻ നായർ. മുഖ്യമായും കാശിയിലും ഗയയിലുമാണയാൾ പോയത്. ഗയയിൽ വച്ച് പിതൃക്കൾക്ക് കർമ്മം നടത്തുകയുമുണ്ടായി. ഫൽഗുനി നദിയായിരുന്നു കർമ്മവേദി. ഗോവിന്ദൻ നായർ അവിടെ നദിയെ കണ്ടില്ല. മണലിൽ കുഴിച്ച കുഴിയിൽ നിന്ന് കിട്ടിയ വെള്ളത്തിലാണ് കർമ്മങ്ങൾ നടത്തിയത്. ഗോവിന്ദൻ നായർക്ക് ആശ്ചര്യമായി. ആരോടെന്നില്ലാതെ അയാൾ ചോദിച്ചു:
''എവിടെ ഫൽഗുനി നദി?""
ഒന്നിലേറെപ്പേർ മറുപടി പറയാൻ മുതിർന്നു.
ഫൽഗുനി ഒരുകാലത്ത് പാലും തേനുമൊഴുക്കിയിരുന്നു. അതിലഹങ്കരിച്ച ജനങ്ങൾ ഭോഗലോലുപരായി.ബ്രാഹ്മണരാവട്ടെ, കള്ളം പറയാനും ഭക്തന്മാരെ വഞ്ചിക്കാനും തുടങ്ങി. അതോടെ ഫൽഗുനി ജലശൂന്യമായി. തീർത്ഥാടകർ നൽകുന്ന ദാനം കൊണ്ട് നിത്യവൃത്തി കഴിച്ചുകൊള്ളാനാണ് ഫൽഗുനി പുരോഹിതന്മാരോടാജ്ഞാപിച്ചത്. പിന്നീട് ജീവിതം അവർക്ക് യാചനയായി.
മകരത്തിലെ ഒരു തണുത്ത പ്രഭാതത്തിൽ ആലിൻചുവട് ഗ്രാമത്തിലെ ആലിൻചുവട്ടിലിരിക്കുമ്പോൾ കളത്തിൽ ഗോവിന്ദൻ നായരുടെ കൺമുന്നിൽ ഫൽഗുനി ഒഴുകിയെത്തി.ഗോവിന്ദൻ നായർ ഞെട്ടി.
ഈശ്വരാ, നാളെ ഈ നാട്ടിലെ പുഴകളും കുളങ്ങളും ഇങ്ങനെ വറ്റുമോ? പിന്നെ നാട്ടുകാർ എങ്ങനെ ജീവിക്കും? എവിടെപ്പോകും? അന്നേരം ഒരു കുട്ടിയുടെ കരച്ചിൽ കേട്ട് ഗോവിന്ദൻ നായർ വീണ്ടും ഞെട്ടി. അയാളെഴുന്നേറ്റ് കരച്ചിൽ കേട്ട ദിക്കിലേക്ക് നടന്നു.
ആൽമരത്തിന്റെ പിന്നിലെ വെള്ളം വറ്റിയ ചാലിൽ മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു കിടക്കുന്നു. ഒരാറുമാസം പ്രായം തോന്നും. വാ മുഴുവൻ പിളർന്ന് അലറിവിളിക്കുകയാണ് കുഞ്ഞ്, കരച്ചിൽ ചെവി തുളച്ചുകയറുന്നു.
ഗോവിന്ദൻ നായർ കുഞ്ഞിനെ കൈയിലെടുത്തു. അത് കണ്ണുകൾ തിരിച്ചു അയാളെ നോക്കി. ഒരു നിമിഷം കരച്ചിൽ നിർത്തി. അയാൾ അതിനെ കൈയിലിട്ട് ആട്ടി. കൊഞ്ചിച്ചു. ഒരു നിമിഷം അയാൾ ഇതികർത്തവ്യതാമൂഢനായി നിന്നു. പിന്നെ കുഞ്ഞിനെയും കൊണ്ട് നടന്നു.
റോഡിൽ ആൾസഞ്ചാരം തുടങ്ങിക്കഴിഞ്ഞിരുന്നില്ല.ഒന്നോ രണ്ടോ പേരെ കണ്ടുവെങ്കിലും അവർ ഗോവിന്ദൻ നായരോട് കുശലം ചോദിക്കാനുള്ള അടുപ്പമുള്ളവരായിരുന്നില്ല.എങ്കിലും അയാളുടെ കൈയിലെ ആ പൊതിക്കെട്ട് അവർ അത്ഭുതത്തോടെ നോക്കി. നീലകണ്ഠന്റെ ചായക്കടയിലാണ് ഗോവിന്ദൻ നായർ ചെന്നുകയറിയത്. പടി കയറുന്നതോടൊപ്പം അയാൾ വിളിച്ചുപറഞ്ഞു:
''നീലാണ്ടാ, കൊറച്ചു പാല് ചൂടാറ്റിത്താ...""
നീലകണ്ഠൻ അത്ഭുതത്തോടെ ഗോവിന്ദൻ നായരെ നോക്കി.അന്നേരം അയാളുടെ കൈയിലിരുന്ന കുഞ്ഞ് വീണ്ടും കരയാൻ തുടങ്ങി. നീലകണ്ഠൻ അന്തം വിട്ടു.
''ഇതേതാണ് ഈ കുട്ടി, അങ്ങത്തേ?""
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ചായ കുടിക്കാനായി അവിടെയിരുന്ന രണ്ടുമൂന്നുപേർ അമ്പരന്നു. അവരും ആകാംക്ഷയോടെ ഗോവിന്ദൻ നായരെ നോക്കി. ചായക്കടയ്ക്കുള്ളിൽ നിന്നും വിളമ്പുകാരൻ വാമദേവനും പാചകക്കാരൻ ഭാസ്കരനും പുറത്തേക്കെത്തി നോക്കി.ഗോവിന്ദൻ നായരെയും കുഞ്ഞിനെയും കണ്ട് അവർ പുറത്തേക്കിറങ്ങിവന്നു.
എല്ലാവരോടുമായി ഗോവിന്ദൻ നായർ കുഞ്ഞിനെ കണ്ടുകിട്ടിയ കഥ വിശദീകരിച്ചു. ഭാസ്ക്കരൻ പാൽ ആറ്റിക്കൊണ്ടുവന്നു.കുഞ്ഞിന് പാൽ കൊടുത്തപ്പോൾ അത് ആർത്തിയോടെ കുടിച്ചു.
''പാവം. അതിന് വല്ലാതെ വിശക്കുന്നുണ്ട്.""
കുഞ്ഞു പാല് കുടിച്ചു കഴിഞ്ഞപ്പോൾ ശാന്തമായി.
''തുണി വല്ലതുമുണ്ടോ നീലാണ്ടാ, ഇത് വല്ലാതെ മുഷിഞ്ഞിരിക്കുന്നു.""
കുഞ്ഞിനെ ചുറ്റിയിരുന്ന പഴന്തുണി അഴിച്ചുമാറ്റിക്കൊണ്ട് ഗോവിന്ദൻ നായർ നീലകണ്ഠനെ നോക്കി.
''പെൺകുട്ടിയാണ്.""
ആരോ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
അപ്പോഴേക്ക് പുറംപണിക്കാരി കമലയും എത്തി.കാര്യങ്ങളൊക്കെയറിഞ്ഞപ്പോൾ കമല ഗോവിന്ദൻ നായരോട് ചോദിച്ചു:
''കളത്തിലങ്ങുന്നേ , ഇവളെ വീട്ടിലോട്ടാണോ കൊണ്ടുപോകുന്നത്?""
ചോദ്യം കേട്ട് ഗോവിന്ദൻ നായർ ഞെട്ടി. അയാൾ നിശബ്ദനായി തല താഴ്ത്തിയിരുന്നു.
ഇതുകേട്ട് അവിടെയുണ്ടായിരുന്ന മുതിർന്ന ഒരുവൻ പൊട്ടിച്ചിരിച്ചു. പരപുച്ഛവും അഹങ്കാരവും ദ്യോതിപ്പിക്കുന്ന ഒരു ഭാവമായിരുന്നു അയാളുടെ മുഖത്ത്.
''ഭേഷായി. കൊച്ചിനെ വീട്ടിലോട്ടു കൊണ്ട് ചെന്നാൽ പദ്മാവതിയമ്മ ഇങ്ങേരെ കൊല്ലും.""
അതുകേട്ട് ചിലരൊക്കെ ചിരിച്ചു.ഗോവിന്ദൻ നായർ അസ്വസ്ഥനായി തലയുയർത്തി. എന്നാൽ അയാൾ പറഞ്ഞത് സത്യമാണല്ലോ എന്ന ചിന്തയിൽ വീണ്ടും തല താഴ്ത്തി.
''പൊലീസിനെ ഏൽപ്പിക്കണം. അതാ വേണ്ടത്.""
ഒരാൾ പറഞ്ഞു.
ആലിൻചുവട്ടിൽ പൊലീസ് സ്റ്റേഷനില്ല. പൊലീസ് ആലിൻചുവട്ടിൽ ഒരപൂർവ്വകാഴ്ചയാണ്. പൊലീസ് അവരുടെ ജീവിതത്തിൽ നിന്നൊഴിഞ്ഞുനിൽക്കുന്നു. അതിനാൽ,പൊലീസിനെ ഏൽപ്പിക്കണമെന്ന് പറഞ്ഞയാളുടെ നേരെ അമർഷത്തിന്റെ കൺമുനകൾ പാഞ്ഞുചെന്നു.
''നിങ്ങളെന്തിനാ കൊച്ചിനെ എടുക്കാൻ പോയത്? അതിന്റെ അച്ഛനമ്മമാർക്ക് വേണ്ടെങ്കിൽ പിന്നെ നിങ്ങൾക്കെന്തിനാണ്?""
ഒരുവൻ തീരെ മയമില്ലാത്ത സ്വരത്തിൽ ഗോവിന്ദൻ നായരോട് ചോദിച്ചു.
അന്നേരം കമല ഒരു പോംവഴി പറഞ്ഞു:
''കൊച്ചിന്റെ കാര്യമൊക്കെ ഞാൻ നോക്കിക്കൊള്ളാം. പക്ഷേങ്കി, കളത്തിലങ്ങുന്ന് ഓരോ മാസവും ചെലവിനുള്ളത് തരണം.""
കൂടിനിന്ന പലരും കമല പറഞ്ഞത് ശരി വച്ചു.
ഗോവിന്ദൻ നായർ ചിന്താധീനനായി. കൂട്ടലും കിഴിക്കലും നടത്തി.പെരുവഴിയിൽക്കിടന്ന് ചത്തുപോകുമായിരുന്ന ഒരു കുരുന്നിനെ രക്ഷിച്ചെടുത്തതിന് തന്റെ തലയ്ക്കുമേൽ ശിക്ഷ കെട്ടിവയ്ക്കുകയാണ് കണ്ണിൽ ചോരയില്ലാത്ത നാട്ടുകാർ. പൊടുന്നനെ ഫൽഗുനിയുടെ ചരിത്രം അയാളോർത്തു.എല്ലാവരും അലിവില്ലാത്തവരായാൽ ഈശ്വരൻ ഗ്രാമത്തെ മുഴുവൻ ശപിക്കും.പിന്നെ എല്ലാവരും തെണ്ടികളാവും.തന്റെ ഗ്രാമത്തിന് ആ ഗതി വരരുതെന്ന് ഗോവിന്ദൻ നായർക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടയാൾ കമല പറഞ്ഞത് നടപ്പാക്കുന്നതിനെപ്പറ്റി ആലോചിച്ചു.
അന്നേരം വാമദേവൻ ഗോവിന്ദൻ നായരുടെ മുന്നിൽ വന്ന് തല ചൊറിഞ്ഞു നിന്നു.
''എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.""
ഗോവിന്ദൻ നായർ തലയുയർത്തി നോക്കി.
''കുഞ്ഞിനെ എനിക്ക് തരാമോ? ഞാനതിനെ വളർത്തിക്കൊള്ളാം. എന്റെ സ്വന്തം മോളായി.""
എല്ലാവരും വാമദേവനെ നോക്കി. ആ നോട്ടങ്ങളിൽ ഒരുപാടർത്ഥങ്ങളുണ്ടായിരുന്നു..ഗോവിന്ദൻ നായരുടെ മനസിലൂടെ ആ അർത്ഥങ്ങൾ ഫൽഗുനിയായി ഒഴുകി. ചായക്കടയ്ക്കടുത്താണ് വാമദേവന്റെ കുടിൽ. അവിടെ അയാൾ ഒറ്റയ്ക്കായിരുന്നു. അച്ഛനമ്മമാരോ ബന്ധുക്കളോ ആരും അയാൾക്കുണ്ടായിരുന്നില്ല.ഏതാനും വർഷങ്ങൾക്കു മുൻപ് അയാളൊരു വിവാഹം കഴിച്ചു. അനാഥയായ ഒരു പെൺകുട്ടിയായിരുന്നു അയാളുടെ വധു.
''എനിക്കാരുമില്ല, അവൾക്കുമാരുമില്ല.ഇപ്പോൾ എനിക്കവളും അവൾക്ക് ഞാനുമുണ്ട്.""
വധുവിനെപ്പറ്റി അന്വേഷിച്ചവരോടൊക്കെ വാമദേവൻ പറഞ്ഞു.വളരെ ആഹ്ലാദകരമായിരുന്നു അവരുടെ ദാമ്പത്യം. എപ്പോഴും കളിയും ചിരിയും. ചായക്കടയിലെ പണി അയാൾ ഉഴപ്പുമെന്നാണ് നീലകണ്ഠൻ കരുതിയത്. എന്നാൽ, അവിടത്തെ പണിയും അയാൾ ഉത്സാഹത്തോടെ തന്നെ ചെയ്തു. എന്നല്ല, വീട്ടുജോലികളിൽ ഇടവേള കിട്ടുമ്പോഴൊക്കെ നവവധുവും ചായക്കട ജോലികളിൽ സഹായിച്ചിരുന്നു. അവൾ ഗർഭിണിയായി. വാമദേവൻ സന്തോഷം കൊണ്ട് മതിമറന്നു.ഓർക്കാപ്പുറത്ത് അവൾക്കൊരു പനി വന്നു. പനി മൂർച്ഛിച്ചപ്പോൾ ടൗണിലെ ആശുപത്രിയിൽ കൊണ്ടുപോയി.അവിടെവച്ചു അവൾ തന്റെ കുഞ്ഞിനോടൊപ്പം ലോകം വെടിഞ്ഞു.പിന്നെ നാലഞ്ചുമാസം ആരും വാമദേവനെ കണ്ടിട്ടില്ല. അതുകഴിഞ്ഞ് അയാൾ വീണ്ടും വന്നു. അപ്പോൾ അയാൾ പുതിയൊരു മനുഷ്യനായിരുന്നു.കളിയും ചിരിയുമില്ലാത്ത, കേവലം മൗനിയായ ഒരു മനുഷ്യൻ.എങ്കിലും അയാൾ ജോലികൾ പഴയതുപോലെ ചെയ്തു. ഇന്നിപ്പോൾ അനാഥയായെത്തിയ ഒരു കുഞ്ഞ് അയാളിൽ വീണ്ടും ചലനമുണർത്തുന്നു. എല്ലാവർക്കും അത് മനസിലായി. ഗോവിന്ദൻ നായർക്കും മനസിലായി.അതുകൊണ്ട് ഗോവിന്ദൻ നായർ സന്തോഷത്തോടെ കുഞ്ഞിനെ അയാളുടെ കൈകളിലേല്പിച്ചു.
വാമദേവന്റെ കണ്ണുകൾ നിറഞ്ഞു.
''അങ്ങുന്നേ, എന്താ ഇവളുടെ പേര്?""
വിനയത്തോടെ വാമദേവൻ ചോദിച്ചു.
ഗോവിന്ദൻ നായർ ഒരു നിമിഷം ചിന്തിച്ചുനിന്നു.പിന്നെയയാൾ പറഞ്ഞു:
''എനിക്ക് കിട്ടുമ്പോൾ കുഞ്ഞിന് പേരില്ല. പക്ഷേ ഇപ്പോൾ ഞാനൊരു പേര് പറയാം, ജാനകി.""
*******************
കാര്യങ്ങളെല്ലാം അങ്ങനെ ശുഭപര്യവസായിയായില്ല. പിറ്റേന്ന് വൈകുന്നേരം നീലകണ്ഠന്റെ ചായക്കടയ്ക്കു ചൂഴെ കാർമേഘങ്ങളടിഞ്ഞുകൂടി. മിന്നൽപ്പിണർ പാഞ്ഞു. ഇടി വെട്ടി. വന്നത് കളത്തിൽ ഗോവിന്ദൻ നായരുടെ ഭാര്യ പദ്മാവതിയായിരുന്നു.അവരുടെ കണ്ണുകൾ ചുവന്നിരുന്നു. ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.ശിരസ് ഉയർത്തിപ്പിടിച്ചിരുന്നു.
ആ വരവിനു പിന്നിൽ ഒരു പ്രകോപനമുണ്ടായിരുന്നു.കളത്തിൽ വീട്ടിൽ ചെന്ന ഏതോ ജോലിക്കാരി പദ്മാവതിയുടെ അടുത്തുചെന്ന് അടക്കം പറഞ്ഞു:
''ഇവിടത്തെ അദ്ദേഹം നീലകണ്ഠന്റെ ചായക്കടയിൽ ഒരു കൊച്ചിനെ കൊണ്ടുചെന്നെന്നു പറയണു.""
അസ്വസ്ഥതയോടെ പദ്മാവതി പുരികമുയർത്തി.ജോലിക്കാരി തുടർന്നു:
''അദ്ദേഹത്തിന് എവിടെനിന്നോ കിട്ടിയതാണ് പോലും.""
പദ്മാവതിയുടെ മുഖത്ത് ചുവപ്പ് നിറം വർദ്ധിച്ചുവരുന്നതുകണ്ട് വാർത്താവാഹകയ്ക്ക് ഉത്സാഹമേറി. ശബ്ദം വീണ്ടുമൊന്നു താഴ്ത്തി.
''എല്ലാവരും പറയണൂ...""
എന്ന് പറഞ്ഞു അർദ്ധോക്തിയിൽ വിരമിച്ചു.
''എന്ത് പറയുന്നു?""
അലറുന്ന മാതിരി പദ്മാവതി ചോദിച്ചപ്പോഴും അങ്ങുമിങ്ങും നോക്കി, ചുണ്ട് പദ്മാവതിയുടെ കർണ്ണപുടത്തിലേക്കടുപ്പിച്ചു ശബ്ദം പിന്നെയും താഴ് ത്തി അവൾ പറഞ്ഞു:
''കുഞ്ഞ് ഗോവിന്ദൻ നായരദ്ദേഹത്തിന്റേതു തന്നെയാണെന്ന്.""
''ഫ !""
ആ ആട്ടിൽ വാർത്തക്കാരി തെറിച്ചുപോയി.
തലമുടി വാരിക്കെട്ടി പദ്മാവതി നടന്നുതുടങ്ങി. ആ യാത്രയാണ് നീലകണ്ഠന്റെ ചായക്കടയുടെ മുമ്പിലെത്തി നിൽക്കുന്നത്.
''എടാ നീലാണ്ടാ...""
അതൊരലർച്ചയായിരുന്നു.
നീലകണ്ഠൻ പുറത്തേക്കുവന്നു.
''എന്താ പദ്മാവതിക്കൊച്ചമ്മേ?""
''ഇവിടെ ഒരു കൊച്ചിനെ കൊണ്ടുവന്നായിരുന്നോ?""
നീലകണ്ഠൻ അല്പമൊന്നു വിളറി.അയാൾ മൂളി.
''ആര് കൊണ്ടുവന്നു?""
''ഗോവിന്ദൻ നായരദ്ദേഹം.""
''ഓഹോ! അങ്ങനെ വരട്ടെ.പറ.എല്ലാം പറ.നേര് മാത്രം പറ. ഗോവിന്ദൻ നായരദ്ദേഹത്തിന് എവിടെ നിന്നുകിട്ടി ആ കുഞ്ഞിനെ?""
''ആലിന്റെയടുത്ത് അനാഥമായിക്കിടക്കുന്നതുകണ്ട് എടുത്തോണ്ട് വന്നതാ.""
''ആലിന്റെ മൂട്ടിൽ കൊച്ചു കിടക്കുന്നത് വേറെയാരും കണ്ടില്ലേ?""
''കണ്ടെങ്കിൽ അവരെടുത്തോണ്ടു വരില്ലേ?""
''ഇല്ല. വരില്ല.അവരാരും എടുത്തോണ്ടുവരില്ല.കാരണം, അവരാരും ഇങ്ങേരെപ്പോലെ മണ്ടന്മാരല്ല.""
'' അദ്ദേഹം ഇത്തിരി മനുഷ്യത്വം കാണിച്ചു. അതിന് ഇങ്ങനെ പരിഹസിക്കരുത്.""
''വക്കാലത്ത് പിടിക്കാൻ വരണ നീലാണ്ടാ, എന്നാ നീ പറ, ഏതാണീ കൊച്ച്? ആരുടെതാണീ കൊച്ച്?""
''അതാർക്കറിയാം അമ്മച്ചീ? അതറിയാമെങ്കി അതോടെ തീർന്നില്ലേ കൊച്ചിന്റെ അനാഥത്വം?""
''ശരി. അത് നീ പറഞ്ഞത് ഞാൻ സമ്മതിച്ചു.എന്നാൽ ഒന്ന് ചോദിക്കട്ട്. കൊച്ചിനെ ഇവിടെ കൊണ്ടുവന്നയാളാണ് അതിന്റെ തന്ത എന്നാരെങ്കിലും നാളെ പറഞ്ഞാല് എന്തരായിരിക്കും നിങ്ങടെ മറുപടി?""
ഉത്തരം മുട്ടിക്കുന്ന ചോദ്യമായിരുന്നു അത്. അതിനു മുന്നിൽ നീലകണ്ഠനൊന്നു പരുങ്ങി. പിന്നെ അയാൾ ഊർജം വീണ്ടെടുത്തു. പദ്മാവതിയെ നേരിട്ട് അയാൾ പറഞ്ഞു:
''തന്നെ. അങ്ങനെ പറയാം. അങ്ങനെ പറയുമെന്ന് പേടിച്ചിട്ടായിരിക്കും ഈ കൊച്ചിനെ
കണ്ടിട്ട് ആരും കൈയിലെടുക്കാതിരുന്നത്. അങ്ങനെ എല്ലാവരും വേണ്ടാന്നു വച്ചിരുന്നെങ്കി കൊച്ച് അവിടെക്കെടന്ന് ചത്തുപോയേനെ. മനുഷ്യത്വവും ആണത്തവുമുള്ള ഒരാളെങ്കിലും ഈ നാട്ടിലുണ്ടായി. അത് അമ്മച്ചീടെ ഭർത്താവായിരുന്നു. ഒരു സ്ത്രീക്ക് അഭിമാനിക്കാൻ ഇതിനപ്പുറം എന്താണ് വേണ്ടത്?""
പറഞ്ഞുകഴിഞ്ഞപ്പോൾ ഇത്രയും ഭംഗിയായി തനിക്കെങ്ങനെ സംസാരിക്കാൻ പറ്റി എന്നയാൾ അദ്ഭുതപ്പെട്ടു. ആലിന് ചുവട്ടിലെ ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ വാർഷികത്തിന് വരാറുള്ള ചില സാഹിത്യകാരന്മാരുടെ പ്രസംഗം പോലെയുണ്ട്. ഇങ്ങനെ ഉള്ളിൽ ഒരഭിമാനം നാമ്പിട്ടുവെങ്കിലും അയാൾ ഉത്ക്കണ്ഠയോടെ പദ്മാവതിയമ്മയുടെ മുഖത്തുനോക്കിനിന്നു.
പദ്മാവതിയുടെ ജ്വലിച്ചുനിന്ന മുഖം കുറേശ്ശെക്കുറേശ്ശെ ശാന്തമാകുന്നതുപോലെ നീലകണ്ഠനു തോന്നി.അയാളുടെ പിന്നിൽ മിഴിച്ചുനിന്ന കണ്ണുകളിലും ആ തോന്നൽ പ്രതിഫലിച്ചു.
പദ്മാവതി മുഖമുയർത്തി.
''നീലാണ്ടാ, നിങ്ങടെ ഒടപ്പെറന്നോളാണ് മുമ്പിലു നിക്കണതെന്നു വിചാരിക്കണം.""
''വിചാരിച്ചു അമ്മച്ചീ വിചാരിച്ചു. ഒടപ്പെറന്നോനെപ്പോലെയും ദൈവത്തെപ്പോലെയും ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളിന്റെ ഭാര്യ. ഞാൻ മാത്രമല്ല അമ്മച്ചീ, ഈ ഗ്രാമം മുഴുവൻ ഗോവിന്ദൻ നായരദ്ദേഹത്തെപ്പറ്റി കരുതുന്നതങ്ങനെയാണ്.""
അവിടെ പദ്മാവതിയമ്മയ്ക്ക് പ്രതിരോധങ്ങൾ നഷ്ടപ്പെട്ടു. തന്റെ ഭർത്താവിനെ ഈ ഗ്രാമം ഒരു ജാരനെന്നു വിളിച്ചിരുന്നെങ്കിൽ ഇന്ന് താൻ ആലിന്ചുവടിനെ ചുട്ടുചാമ്പലാക്കിയേനെ! പക്ഷേ , ഈ ഗ്രാമം അദ്ദേഹത്തെ ആദരിക്കുന്നു.അപ്പോൾപ്പിന്നെ ഞാൻ അദ്ദേഹത്തിനെതിരായി ചിന്തിക്കാമോ?
ആയിരം നഖമുനകളും ആയിരം നാവുകളുമായി എത്തിയ പദ്മാവതി നിശബ്ദയായി മടങ്ങി. തന്റെ ഭർത്താവിന്റെ പേരിൽ കുറച്ചു ഗ്രാമവാസികളെങ്കിലും അഭിമാനം കൊള്ളുന്നു. ബഹളമുണ്ടാക്കാൻ പോയാൽ ഒരു അനാഥക്കുട്ടി തന്റെ ചുമലിൽ വീഴില്ലേ ? മടങ്ങുക തന്നെയാണുചിതം അങ്ങനെയൊരു തീരുമാനത്തിലാണ് പദ്മാവതി മടങ്ങിയത്.
അവിടെയുണ്ടായിരുന്ന സർവരും നീലകണ്ഠനെ അഭിനന്ദിച്ചു.
''നിങ്ങൾ ആ പാവം മനുഷ്യനെ രക്ഷിച്ചു.""
ഒരാൾ പറഞ്ഞു.
ഗോവിന്ദൻ നായരദ്ദേഹത്തിനുവേണ്ടി ഞാൻ അത്രയെങ്കിലും ചെയ്യേണ്ടതല്ലേ എന്നാണ് നീലകണ്ഠൻ ചിന്തിച്ചത്.
(തുടരും)