
ഭോപ്പല്‍: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ ഞായറാഴ്ച്ചയും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. മദ്ധ്യപ്രദേശിലെ പ്രധാന നഗരങ്ങളായ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നി നഗരങ്ങളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ഈ നഗരങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ സമ്പൂര്‍ണ ലോക്ഡൗണായിരുന്നു. 400 ലധികം പേര്‍ക്കാണ് ഓരോ നഗരങ്ങളിലും ദിവസവും രോഗം സ്ഥിരീകരിക്കുന്നത്.
രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. 'മേര മാസ് മേര സുരക്ഷ' എന്ന പേരിലാണ് പ്രചാരണം. മാസ്‌ക് ധരിക്കുന്നത് വ്യാപനം കുറക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 47,000 ലധികം കേസുകളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത്. ഇതില്‍ 80 ശതമാനം കേസുകളും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ്. കൊവിഡ് വാക്‌സിനേഷന്റെ മൂന്നാംഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിക്കുമെന്നും 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും ഇന്നലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.