imran-khan

ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനുമായി ഇന്ത്യ ഊഷ്മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും, ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും, ഭീകരതയും ശത്രുതയും ഇല്ലാത്ത അവസ്ഥയും അനിവാര്യമാണെന്ന് കത്തിൽ പറയുന്നു.

പാക് ദിനത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ ജനങ്ങൾക്ക് ആശംസ അറിയിച്ചുകൊണ്ടാണ് മോദി കത്തയച്ചത്. 'അയൽ രാജ്യമെന്ന നിലയിൽ പാകിസ്ഥാനിലെ ജനങ്ങളുമായി ഇന്ത്യ ഹൃദ്യമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരത ഇല്ലാത്ത അവസ്ഥയും അനിവാര്യമാണ്'- എന്നാണ് കത്തിൽ പറയുന്നത്.

അതോടൊപ്പം കൊവിഡിനെ നേരിടാൻ ഇമ്രാൻ ഖാനും പാക് ജനതയ്ക്കും കഴിയട്ടെയെന്നും കത്തിൽ ആശംസിക്കുന്നു.എല്ലാ വർഷവും അയക്കുന്ന പതിവ് കത്താണിതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതായിട്ടുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. സിന്ധു കമ്മീഷന്റെ യോഗത്തിനായി തിങ്കളാഴ്ച പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഇന്ത്യയിലെത്തിയിരുന്നു. രണ്ടരവർഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു യോഗം.