
ചങ്ങനാശേരി: രാഷ്‌ട്രീയമായി സമദൂര സിദ്ധാന്തമാണ് ഇപ്പോഴും പിൻതുടരുന്നതെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചോ വിവാദങ്ങളെ ചുറ്റിപ്പറ്റിയോ ഒരിക്കലും വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻ.എസ്.എസ് ഉന്നയിച്ച മൂന്ന് കാര്യങ്ങളിൽ എന്ത് രാഷ്‌ട്രീയമാണുളളതെന്ന് അത് ഉന്നയിക്കുന്നവർ പറയണം. എൻ.എസ്.എസിനെയോ അതിന്റെ നേതൃത്വത്തെയോ വിരട്ടാമെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിൽ എൻ.എസ്.എസ് പറയുന്നു.
മൂന്ന് വിഷയങ്ങളാണ് എൻ.എസ്.എസ് സർക്കാരിനോട് ഉന്നയിച്ചത്. ഈ ആവശ്യങ്ങളിൽ രാഷ്‌ട്രീയമില്ല. ശബരിമലയിൽ യുവതീ പ്രവേശനത്തിൽ ഭക്തജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കണം എന്നതായിരുന്നു ഒന്നാമത്. ശബരിമല വിഷയം എവിടെ നിൽക്കുന്നുവെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ പാസാക്കിയ 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം എന്നതാണ് രണ്ടാമത് ആവശ്യപ്പെട്ടത്. സാമ്പത്തിക സംവരണം കേരളത്തിൽ നടപ്പാക്കുന്നതിനുളള കമ്മീഷൻ റിപ്പോർട്ട് കേരളം അംഗീകരിച്ചത് 2020 ജനുവരി മൂന്നിനാണ്. സാമ്പത്തിക സംവരണം ലഭിച്ചെന്ന് സർക്കാർ അവകാശപ്പെട്ടെങ്കിലും മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ ഇതുവരെ ആർക്കും പ്രയോജനം ലഭിച്ചിട്ടില്ല.
മന്നം ജയന്തി ദിനം സംബന്ധിച്ചാണ് മൂന്നാമത് കാര്യം. മന്നം ജയന്തിയായ ജനുവരി രണ്ടിന് നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്‌ട് പരിധിയിൽപെടുത്തി അവധിദിനമായി പരിഗണിക്കണം. പലതവണ ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടും നിസാരമായി തളളിയെന്നും എൻ.എസ്.എസ് ആരോപിക്കുന്നു.