chavara

കൊല്ലം: ആർ.എസ്.പിയുടെ കുത്തക മണ്ഡലമാണ് കരിമണലിന്റെ നാടായ ചവറ. കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായനായ ബേബി ജോണിന്റെ തട്ടകം. ചെങ്കൊടി വിട്ട് യു.ഡി.എഫ് പാളയത്തിലെത്തിയിട്ടും ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോണിനെ രണ്ടുതവണ ജയിപ്പിച്ച മണ്ഡലം. 1977 മുതൽ ഇവിടെ നടന്ന പത്ത് തിരഞ്ഞെടുപ്പുകളിൽ ഒരു തവണ മാത്രമാണ് ചവറയിലെ വോട്ടർമാർ ആർ.എസ്.പിയെ കൈവിട്ടത്. ഒമ്പത് തിരഞ്ഞെടുപ്പുകളിലും ആർ.എസ്.പി സ്ഥാനാർത്ഥികൾ മാത്രമേ ചവറയിൽ വിജയിച്ചിട്ടുള്ളൂ.

ഒമ്പതിന് ശേഷം കൈവിട്ടു

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവിട്ടുപോയ ചവറ തിരിച്ചുപിടിക്കുകയെന്നത് വരുന്നതിരഞ്ഞെടുപ്പിൽ ആർ.എസ്.പിയെയും ഷിബു ബേബി ജോണിനെയും സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നമാണ്. മണ്ഡലത്തിലെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടും നേതൃപാടവം തെളിയിച്ചും നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഷിബു. അതേസമയം, അപ്രതീക്ഷിതമായെങ്കിലും ആർ.എസ്.പിയെ തോൽപ്പിച്ച് മണ്ഡലത്തിൽ നേടിയ സ്വാധീനം നിലനിർത്താനുള്ള പോരാട്ടത്തിലാണ് സി.പി.എം.

വിജയൻപിള്ളയുടെ വിജയം തുടരാൻ

ആർ.എസ്.പിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ച് ഇടതുമുന്നണിയ്ക്ക് അഭിമാന വിജയം സമ്മാനിച്ച എൻ. വിജയൻപിള്ളയുടെ മകൻ ഡോ.സുജിത് വിയൻപിള്ളയെയാണ് ഷിബുബേബിജോണിനെ നേരിടാൻ സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. വിജയൻപിള്ളയുടെ ആകസ്മിക നിര്യാണത്തെ തുടർന്നുള്ള സഹതാപവും ചവറയിലെ സ്വകാര്യ ആശുപത്രിയിൽ ദീ‍ർഘകാലമായി ഡോക്ടറെന്ന നിലയിൽ സേവനം അനുഷ്ഠിച്ചതിലൂടെ നാട്ടുകാരുമായുള്ള അടുത്ത ബന്ധവും ബന്ധുബലവും സുജിത്ത് വിജയന് അനുകൂല ഘടകമാണ്. ഭരണനേട്ടത്തിനൊപ്പം പാർട്ടി വോട്ടുകളും സുജിത്തിന് തുണയാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

ശബരിമല തുണയ്ക്കുമെന്ന് വിശ്വാസം

സീരിയൽ നടനായ വിവേക് ഗോപനെയാണ് ബി.ജെ.പി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. നടനെന്ന നിലയിൽ വിവേക് നാട്ടുകാർക്കിടയിൽ സുപരിചിതനായതും ഇരുമുന്നണികളോടും ജനങ്ങളുടെ എതി‌ർപ്പും ശബരിമല പ്രശ്നമുൾപ്പെടെയുള്ള വിഷയങ്ങളും വിവേകിന് അനുകൂലമായ വോട്ടുകളാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

ശക്തരായ മൂന്ന് സ്ഥാനാർത്ഥികൾ കളം നിറഞ്ഞതോടെ ചവറ ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും എന്ന് കണ്ടുതന്നെ അറിയണം. ചവറയുടെ ഹൃദയത്തുടിപ്പായിരുന്ന ബേബിജോൺ പോലും പല തിരഞ്ഞെടുപ്പുകളിലും വലിയ വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്. എൻ. വിജയൻപിള്ള അന്തരിച്ചതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പേ ഉപതിരഞ്ഞെടുപ്പിന് ഇവിടെ കളമൊരുങ്ങിയിരുന്നു. കൊവിഡും നിയമസഭാ കാലാവധി ആറുമാസം മാത്രമായിരുന്നെന്ന സവിശേഷ സാഹചര്യവും പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ ഒഴിവാക്കുകയായിരുന്നു.

അഞ്ച് പഞ്ചായത്തുകളും

രണ്ട് നഗരസഭാ ഡിവിഷനുകളും

അഞ്ച് പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളും ചേർന്നതാണ് ചവറ നിയമസഭാ മണ്ഡലം. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പാർട്ടികൾക്ക് പുറമേ ആർ.എസ്.പിക്ക് ഏറ്റവുമധികം സ്വാധീനമുള്ള മണ്ഡലമാണിത്. 2016ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയൻപിള്ളയാണ് ചവറയിൽ നിന്ന് നിയമസഭയിലെത്തിയത്.

# മണ്ഡലത്തിൽ

1. ഗ്രാമപഞ്ചായത്തുകൾ

ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര

2. കോർപ്പറേഷൻ ഡിവിഷനുകൾ

മരുത്തടി, ശക്തികുളങ്ങര, മീനത്തുചേരി, കാവനാട്, ആലാട്ട്കാവ്, കന്നിമേൽ, വള്ളിക്കീഴ്

# ആദ്യ തിരഞ്ഞെടുപ്പ്: 1977ൽ

#വിജയിച്ചത്: ബേബിജോൺ (ആർ.എസ്.പി)

# 2016ലെ വിജയി: എൻ. വിജയൻപിള്ള (സി.എം.പി)

# ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ: ബേബിജോൺ, ഷിബു ബേബിജോൺ, എൻ.കെ. പ്രേമചന്ദ്രൻ, എൻ. വിജയൻപിള്ള

# രണ്ടുതവണ വിജയിച്ചവർ: ബേബിജോൺ, ഷിബു ബേബിജോൺ

# മന്ത്രിമാരായവർ: ബേബിജോൺ, ഷിബു ബേബിജോൺ, എൻ.കെ. പ്രേമചന്ദ്രൻ

# പ്രമുഖ സമുദായങ്ങൾ: ക്രിസ്ത്യൻ, ഈഴവ, നായർ, മുസ്ലിം

# 2016ലെ മത്സരചിത്രം

എൻ. വിജയൻപിള്ള (സി.എം.പി)

ഷിബു ബേബിജോൺ (ആർ.എസ്.പി)

എം. സുനിൽ (ബി.ജെ.പി)

ഷാഹുൽ തെങ്ങുന്തറ (പി.ഡി.പി)

അൻസാർ തേവലക്കര (എസ്.ഡി.പി.ഐ)

ഷിബു (സ്വതന്ത്രൻ)

തേവലക്കര മനോജ് (ബി.എസ്.പി)

അബു മുഹമ്മദ് (സ്വതന്ത്രൻ)

അനിൽകുമാർ കല്ലമ്പലം (സ്വതന്ത്രൻ)

ചെല്ലപ്പൻ (സ്വതന്ത്രൻ)

വി. സുഭാഷ് (എസ്.എച്ച്.എസ്)

കാരംകോട് ബാലകൃഷ്ണൻ (സ്വതന്ത്രൻ)

# വിജയിച്ച സ്ഥാനാർത്ഥിയും വോട്ടും

എൻ. വിജയൻപിള്ള: 64,666

ഭൂരിപക്ഷം: 6,189

# പ്രമുഖ എതിർ സ്ഥാനാർത്ഥികളും വോട്ടും

ഷിബു ബേബിജോൺ (ആർ.എസ്.പി)- 58,477

എം. സുനിൽ (ബി.ജെ.പി)- 10,276

ആകെ വോട്ട് ചെയ്തവർ:1,38,186

വോട്ടിംഗ് ശതമാനം: 78.55