
ഡോക്ടാറാൻ കൊതിച്ച പെൺകുട്ടി. പക്ഷേ, പഠിച്ചതും ജോലി നോക്കിയതും എൻജിനിയറിംഗ് മേഖലയിൽ. അഭിനയമോഹം സ്വപ്നത്തിൽ പോലുമില്ലാതിരുന്നിട്ടും അവൾ കാമറയ്ക്ക് മുന്നിലെത്തി. അവതാരകയായും അഭിനേത്രിയായും മലയാളികൾ അവളെ കണ്ടു. അഭിനയമാണ് തന്റെയിടമെന്ന് തിരിച്ചറിയാൻ വൈകിപ്പോയെന്നാണ് നടി ആതിരാമാധവ് പറയുന്നത്. കുടുംബവിളക്കിലെ ഡോ.അനന്യയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമ്പോഴും മികച്ച വേഷങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന വിശ്വാസം ആതിരയ്ക്കുണ്ട്. വിശേഷങ്ങളിലേക്ക്...
''കുടുംബവിളക്ക്" തുടങ്ങുന്ന സമയത്ത് അനന്യ എന്ന കഥാപാത്രം നെഗറ്റീവ് ഷേഡിലായിരുന്നു. അന്നൊക്കെ കുറച്ച് നെഗറ്റീവ് കമന്റുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്. സത്യത്തിൽ നല്ല വിഷമം തോന്നിയിരുന്നു. ഇപ്പോൾ പക്ഷേ നെഗറ്റീവാക്കെ മാറി. പുറത്തുവച്ചു കാണുമ്പോഴൊക്കെ ആളുകൾ സുമിത്രയുടെ മരുമകൾ അല്ലേ, ഡോക്ടർ അല്ലേയെന്ന് ചോദിക്കാറുണ്ട്. ആർക്കും എന്റെ പേര് അറിയില്ല. അനു എന്നാണ് പലരും വിളിക്കുന്നത്. കഥ കേൾക്കുമ്പോഴേ പറഞ്ഞിരുന്നു രണ്ട് ഗെറ്റപ്പിലാണ് കഥാപാത്രം വരുന്നതെന്ന്. അതെനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. അനന്യ പക്കാ നെഗറ്റീവ് ഷേഡ് അല്ല. പക്ഷേ, വളരെ ബോൾഡായിട്ടുള്ള കഥാപാത്രമാണ്. ഒറ്റ കുട്ടിയാണ്. അതിന്റെ കുറച്ച് വാശികളുണ്ട്, അതാണ് നെഗറ്റീവായിട്ട് കാണിക്കുന്നത്. പക്ഷേ ഇത്ര പെട്ടെന്ന് കാരക്ടറിൽ മാറ്റമുണ്ടാകുമെന്ന് കരുതിയില്ല. മാറ്റം വന്നപ്പോഴാണ് അത് അഭിനയിക്കാൻ ബുദ്ധിമുട്ടിയത്. ശരിക്കും ചലഞ്ചിംഗായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ ശരിക്കും പാവമാകാറുണ്ട്, അപ്പോഴേക്കും ഡയറക്ടർ സാർ പറയും അത്ര സോഫ്ട് ആകണ്ട, അനന്യ ശരിക്കും ബോൾഡ് തന്നെയാണെന്ന്.""ചിരിയോടെ ആതിര സംസാരിച്ചു തുടങ്ങി.
ആ മോഹം ഇതിലൂടെ സാധിച്ചു
പ്ലസ് ടു കഴിഞ്ഞപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം ഡോക്ടറാവുക എന്നതായിരുന്നു. ആ മോഹം കുടുംബവിളക്കിലൂടെ സാധിച്ചെന്ന് പറയാം. സ്ക്രീനിലാണേലും സ്റ്റെതസ്കോപ്പൊക്കെയിട്ട് നടക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഡോ. അനന്യ എന്ന കഥാപാത്രമാകാൻ അത്യാവശ്യം കുറച്ച് തയ്യാറെടുപ്പുകളൊക്കെ നടത്തിയിരുന്നു. ഓരോ സീൻ ചെയ്യുമ്പോഴും എനിക്ക് പരിചയമുള്ള ഡോക്ടർമാരുടെ മുഖം ഓർമ്മവരും. അവരൊക്കെ എങ്ങനെയാണ് പെരുമാറുന്നതെന്ന് ആലോചിക്കും. പിന്നെ സീരിയലിൽ ഡോ. രോഹിത്തായി എത്തുന്ന ഷൈജു ഒറിജിനൽ ഡോക്ടറാണ്. അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്. കോമ്പിനേഷൻ സീനിലെല്ലാം സ്റ്റെതസ്കോപ്പിടുന്നതും ഡോക്ടർമാരുടെ ശരീരഭാഷ കൊണ്ടുവരാനുമൊക്കെ കക്ഷി സഹായിക്കും. എന്തായാലും പ്രേക്ഷകരൊക്കെ അനന്യയെ ഇഷ്ടപ്പെടുന്നുണ്ടെന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്.
കുടുംബവിളക്ക് തുടങ്ങുന്ന സമയത്ത് ഇതിലെ പ്രൊഡക്ഷൻ കൺട്രോളർ ജോസ് പേരൂർക്കട ചേട്ടൻ എന്നെ വിളിച്ചിരുന്നു. ഈ കഥാപാത്രത്തിന് വേണ്ടിയായിരുന്നു അന്ന് വിളിച്ചത്. പക്ഷേ അന്നത് ചെയ്യാൻ എനിക്ക് പറ്റിയില്ല. അങ്ങനെ വേറൊരു കുട്ടി അത് ചെയ്യുന്നുണ്ടായിരുന്നു. ലോക് ഡൗൺ ആയതോടെ ചെയ്ത ആൾക്ക് വരാൻ പറ്റാതെയായി. അങ്ങനെ വീണ്ടും ആ കഥാപാത്രം എന്നെ തേടിയെത്തി. ഒരിക്കൽ വേണ്ടെന്ന് വച്ചിട്ട് വീണ്ടും ആ കഥാപാത്രമെത്തുമ്പോൾ അത് നമ്മുടെ തലയിൽ വരച്ചതായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് ചെയ്യുന്നത്. ഓഡിഷനൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും തിരിഞ്ഞുനോക്കുമ്പോൾ അത് ശരിയായ തീരുമാനമായിരുന്നുവെന്ന് തോന്നുന്നുണ്ട്. സാധാരണ എപ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോൾ അത് ഫ്ലോപ്പായി പോകാറോ അല്ലെങ്കിൽ അതിന്റെ പേരിൽ ടെൻഷനടിക്കേണ്ടി വരാറൊക്കെയോ ആണ് പതിവ്. പക്ഷേ ഇതിൽ സംതൃപ്തി മാത്രമേയുള്ളൂ.
ആ വിശ്വാസം ഫലിച്ചു
പഠിച്ചത് എൻജിനിയറിംഗാണ്. പഠിച്ചിറങ്ങിയപ്പോൾ തന്നെ ജോലിയുമായി. അന്നൊന്നും അഭിനയമാണ് എനിക്ക് ഇഷ്ടമുള്ള കാര്യമെന്ന് സത്യത്തിൽ തിരിച്ചറിഞ്ഞിരുന്നില്ല. ആ സമയത്ത് ഫാഷനും ട്രെൻഡും ഒക്കെ ശ്രദ്ധിക്കുമായിരുന്നു. പക്ഷേ, അതിനോടുള്ള ഇഷ്ടം വൈകിയാണ് തിരിച്ചറിഞ്ഞത്. അന്നൊക്കെ പഠിത്തത്തിലായിരുന്നു ശ്രദ്ധ. അതിനിടയിൽ അഭിനയത്തെ കുറിച്ചൊന്നും ചിന്തിച്ചില്ല. എനിക്ക് എത്തിപ്പെടാൻ പറ്റുന്നതാണെന്ന് കരുതിയിട്ടുമില്ല. എൻജിനിയറിംഗ്പഠനമൊക്കെ കഴിഞ്ഞപ്പോഴാണ് ആങ്കറിംഗ് ചെയ്യാൻ അവസരം കിട്ടുന്നത്. ജോലിക്കിടയിലും സ്റ്റേജ് ഷോകളൊക്കെ ആങ്കറിംഗ് നടത്താൻ ഒരുപാട് അവസരങ്ങൾ കിട്ടി. അതെനിക്ക് നന്നായി ആസ്വദിച്ച് ചെയ്യാൻ പറ്റി. ആത്മവിശ്വാസവും കൂടി. അവസരങ്ങൾ തുടരെ തുടരെ വന്നതോടെ ജോലി പതിയെ വിട്ടു. വീട്ടിലൊക്കെ നല്ല എതിർപ്പായിരുന്നു. പിന്നെ എങ്ങനെയെങ്കിലും ചാനലിൽ കയറിയാൽ മതിയെന്നായി. വീട്ടിലെല്ലാരും അന്ന് നീ എന്താ റിമിടോമിയാണോ എന്നൊക്കെ ചോദിച്ച് കളിയാക്കിയിട്ടുണ്ട്. പക്ഷേ, അപ്പോഴും ഞാൻ പറഞ്ഞിരുന്നത് എനിക്ക് ചാനലിൽ ആങ്കറിംഗ് ചെയ്യാൻ പറ്റുമെന്നായിരുന്നു. എന്തായാലും എന്റെ പ്രാർത്ഥന ദൈവം കേട്ടു. കൗമുദി ടി വിയിലൊക്കെ ഒത്തിരി അവസരം കിട്ടിയിട്ടുണ്ട്. ആങ്കറിംഗിൽ നിന്ന് കിട്ടിയ ധൈര്യം കൊണ്ടാണ് ഓഡിഷനിലൊക്കെ പങ്കെടുത്തത്. ഇതിനിടയിൽ സിനിമയിലും ചെറിയ വേഷങ്ങൾ കിട്ടി.
ആങ്കറിംഗിനോട് ഇപ്പോഴും വലിയ ഇഷ്ടമാണ്. ആൾക്കാർ സീരിയൽ കണ്ട് തിരിച്ചറിഞ്ഞു തുടങ്ങിയ ശേഷവും ആങ്കറിംഗ് ചെയ്തിട്ടുണ്ട്. ഇപ്പോഴും അവസരം കിട്ടിയാൽ സന്തോഷത്തോടെ പോയി ചെയ്യും. എനിക്ക് ആ പ്രൊഫഷനോട് ഒത്തിരിയിഷ്ടമുണ്ട്. ഇപ്പോൾ ഏറ്റവുമധികം മിസ് ചെയ്യുന്നത് എന്താന്ന് ചോദിച്ചാൽ അത് ആങ്കറിംഗ് തന്നെയാണ്. എന്റെയിടം ഏതെന്ന് കണ്ടെത്താൻ എന്നെ സഹായിച്ചത് ആങ്കറിംഗാണ്. ചെയ്തിട്ട് ഫ്ലോപ്പായി പോയ ഒത്തിരി കാര്യങ്ങളുമുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും തളരാതെ പിടിച്ച് നിന്നത് എനിക്കുള്ളത് അധികം വൈകാതെ എന്നെ തേടിയെത്തുമെന്ന വിശ്വാസത്തിലായിരുന്നു. ഒത്തിരി ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. അത് എന്നെ കൂടുതൽ മെച്ചെപ്പെടുത്തിയിട്ടേയുള്ളൂ. ഇപ്പോഴാണ് ശരിക്കും സമയം തെളിഞ്ഞതെന്ന് തോന്നുന്നു.
സ്വയം മെച്ചപ്പെടുത്തുന്നു
കാത്തു കാത്തിരുന്ന് കിട്ടിയ നല്ല വേഷമാണ് കുടുംബവിളക്കിലേത്. സീരിയൽ ഇതിന് മുമ്പും ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ മിഡിൽ ഈസ്റ്റിൽ മാത്രം ടെലികാസ്റ്റ് ചെയ്തിരുന്ന 'കേരളസമാജം ഒരു പ്രവാസികഥ"യിൽ അഭിനയിച്ചിരുന്നു. രണ്ട് വർഷം മുന്നേയാണ് അത് ചെയ്തത്. പക്ഷേ അത് ഇവിടെ ആരും കണ്ടിട്ടുണ്ടാകില്ല. ചെറിയ വേഷമായിരുന്നു. എന്നാലും നല്ലൊരു അനുഭവമായിരുന്നു. പിന്നെ 'ദേവിക" എന്നൊരു ഫെസ്റ്റിവൽ മൂവി ചെയ്തിട്ടുണ്ട്. ഭഗത് മാനുവൽ നായകനായ 'നിങ്ങൾ കാമറാനിരീക്ഷണത്തിലാണ് " എന്ന സിനിമയിലും ഒരു വേഷം ചെയ്തു. നായികയാകണമെന്ന നിർബന്ധത്തിലൊന്നുമല്ല അഭിനയിക്കാനിറങ്ങി തിരിച്ചത്. അതുകൊണ്ടുതന്നെ അറിയുന്ന എല്ലാ ഓഡിഷനുകളിലും പങ്കെടുത്തിട്ടുണ്ടായിരുന്നു. ആദ്യസമയത്തൊന്നും സീരിയലിന് ഞാനത്ര പ്രാധാന്യം നൽകിയിരുന്നില്ല. സിനിമയിൽ എന്തെങ്കിലും നല്ല വേഷം കിട്ടുമെന്ന് കരുതിയാണ് സീരിയൽ മാറ്റി നിറുത്തിയത്. പക്ഷേ, അതൊരു തെറ്റായ തീരുമാനമായിരുന്നു. ആക്ടിംഗ് സ്ഥിരം ചെയ്യുമ്പോഴാണ് അത് പോളിഷ് ആയി വരുന്നത്. നമ്മൾ ചെയ്യുന്ന എല്ലാ ജോലിയും പോലെ തന്നെയാണ് അതും. സ്ഥിരം ചെയ്യുമ്പോൾ ആ മേഖലയിൽ നമ്മൾ തിളങ്ങും. അത് ഞാനിപ്പോഴാണ് തിരിച്ചറിയുന്നത്. കുടുംബവിളക്ക് അത്ര വലിയ ശ്രദ്ധ നേടി തന്നു. എന്നാലും സിനിമയിൽ പ്രതീക്ഷയുണ്ട്. മെയിൻ സ്ട്രീം നായികയാകണമെന്നല്ല, നല്ല കാരക്ടർ വേഷങ്ങൾ കിട്ടുമെന്ന പ്രതീക്ഷയുണ്ട്. അഭിനയത്തിലും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റി. കാണുന്ന എല്ലാ കാസ്റ്റിംഗ് കോളിനും അപേക്ഷിക്കാതെ നല്ലതെന്ന് തോന്നുന്നവയ്ക്കേ ഇനി അപേക്ഷിക്കൂ. എന്തായാലും ഡോ. അനന്യ എന്ന കഥാപാത്രം എത്രകാലം കഴിഞ്ഞാലും എനിക്ക് പ്രിയപ്പെട്ടത് തന്നെയാകും.
എന്റെ ഇഷ്ടങ്ങൾക്ക് എല്ലാ പിന്തുണയുമായി വീട്ടുകാരുണ്ട്. രാജീവ് മേനോനാണ് ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. ഒരുമിച്ച് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തവരാണ്. പതിയെ പരിചയം പ്രണയത്തിലേക്ക് വഴിമാറി. അങ്ങനെ വീട്ടിൽ വന്ന് പുള്ളി സംസാരിച്ചു. എല്ലാം ഓക്കെ ആയതോടെയാണ് ഞങ്ങൾ പ്രണയിക്കാൻ തീരുമാനിച്ചത്. ജോലി വിട്ട സമയത്തും നല്ല ബാക്കപ്പ് സപ്പോർട്ട് കിട്ടിയത് പുള്ളിയിൽ നിന്നാണ്. ആള് നല്ല സിനിമാപ്രേമിയാണ്. അതുകൊണ്ട് കീപ്പ് ഓൺ ട്രൈ എന്ന് പറഞ്ഞ് കൊണ്ടേയിരിക്കുമായിരുന്നു. കക്ഷിയ്ക്ക് എഴുതാനിഷ്ടമാണ്. എന്റെ ഇഷ്ടത്തെ എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു. നിന്റെ ഇഷ്ടം നീ ഫോളോ ചെയ്യുക എന്നേ പറയാറുള്ളൂ. അത് തന്നെയാണ് എന്റെ ധൈര്യവും.