
ബി.ബി.സിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സ്വന്തമാക്കിയ അഞ്ജു ബോബി ജോർജിന്റെ മനസിലൂടെ...
ഞാൻ കായിക മന്ത്രിയാകുകയാണെങ്കിൽ എന്നെ ആരും ഒന്നും പഠിപ്പിക്കണ്ട ആവശ്യമില്ല. കാരണം എന്ത് ചെയ്യണം, കായികമേഖലയ്‌ക്കും താരങ്ങൾക്കും എന്താണ് ആവശ്യം എന്ന് എനിക്കറിയാം. നീരജ് യാദവിനേയും ഹിമ ദാസിനേയും പോലുള്ള മികച്ച പ്രതിഭകൾ നാളെയുടെ വാഗ്ദാനങ്ങളായി നമുക്ക് മുന്നിലുണ്ടെന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ കൂടുതൽ മെഡലുകൾ നേടാൻ കൃത്യമായൊരു പദ്ധതി നമുക്ക് വേണം. കഴിഞ്ഞ കാലങ്ങളിലെല്ലാം മികച്ച ആസൂത്രണത്തിന്റെ അഭാവം നമുക്കുണ്ടായിരുന്നു. കായികരംഗത്തെ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി ഭാവിയിലേക്ക് മികച്ച പദ്ധതി തയ്യാറാക്കി പ്രവർത്തിക്കും.
കൊവിഡ് പ്രതിസന്ധിയിലുണ്ടായ ലോക്ക്ഡൗണിൽ ആളുകൾ നിരാശരായപ്പോഴാണ് എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഒരൊറ്റ വൃക്കയേ എനിക്കുള്ളൂ എന്ന കാര്യം വെളിപ്പെടുത്തിയത്. ജോലി നഷ്ടപ്പെട്ടവർക്കും ചെറിയ ഒരു പരിക്ക് വന്നാൽ എല്ലാം തകർന്നുവെന്ന് കരുതുന്നവർക്കുമെല്ലാം എന്റെ വെളിപ്പെടുത്തൽ ഒരു പ്രചോദനമാകട്ടേ എന്നായിരുന്നു ചിന്ത. ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ റീച്ച് കിട്ടി. ഒത്തിരിപ്പേർ വിളിച്ചു, പലർക്കും ഈ വെളിപ്പെടുത്തൽ മുന്നോട്ടേക്ക് കുതിക്കാനുള്ള ഊർജമായി, അത് വലിയൊരു സന്തോഷമാണ്.
കുട്ടിക്കാലത്ത് ഓടാനും ചാടാനുമൊക്കെ താത്പര്യമുണ്ടായിരുന്നെങ്കിലും അതിരാവിലെ എഴുന്നേൽക്കുകയെന്നത് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമായിരുന്നു. എല്ലാവരും കൂർക്കം വലിച്ച് കിടന്നുറങ്ങുമ്പോൾ വെളുപ്പിന് നാലു മണിക്ക് എഴുന്നേൽക്കണം. അന്ന് നാല് മണിയാകാറാകുമ്പോൾ ഒരു കോഴി കൂവുമായിരുന്നു. ആ കൂവലായിരുന്നു എന്റെ അലാറം. നാലുമണിക്ക് മുമ്പ് എഴുന്നേറ്റ് ഉച്ചഭക്ഷണം ഉണ്ടാക്കിത്തന്നുവിടുന്ന അമ്മയുടെ സഹനവും ക്ഷമയും കൂടിയാണ് തന്റെ കരിയർ.